62 മരുന്നിനങ്ങള്‍കൂടി വിലനിയന്ത്രണത്തിന് കീഴിലേക്ക്; കൃത്രിമമുട്ടിന്റെ ഘടകങ്ങളുടെ വില നിയന്ത്രണം തുടരും
September 17, 2024 0 By BizNewsതൃശ്ശൂർ: പുതുതായി വിപണിയിലെത്തിക്കാൻ അനുമതിതേടിയ 62 മരുന്നിനങ്ങൾ കൂടി വില നിയന്ത്രണത്തിലായി. കൃത്രിമ മുട്ടിന്റെ ഘടകങ്ങളുടെ വിലനിയന്ത്രണം ഒരുവർഷംകൂടി തുടരാനും തീരുമാനിച്ചു. പേറ്റന്റ് കാലാവധിതീർന്ന ഗ്ലിപ്റ്റിൻ രാസമൂലകങ്ങളടങ്ങിയ പ്രമേഹ മരുന്നിനങ്ങളാണ് പുതുതായി പട്ടികയിലെത്തിയവയിൽ ഭൂരിഭാഗവും.
ഇബുപ്രൊഫൈനും പാരസെറ്റമോളും അടങ്ങിയ വേദനസംഹാരി, കണ്ണുകൾക്കുള്ള തുള്ളിമരുന്ന്, അമിത രക്തസമ്മർദത്തിനെതിരേയുള്ള മരുന്ന് എന്നിവയും പട്ടികയിലുണ്ട്. ഒന്നിലധികം ചേരുവകളുള്ള സംയുക്തങ്ങളാണ് വിപണാനുമതി തേടിയവയിൽ മിക്കതും.
കൃത്രിമമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ ഉപയോഗിക്കാറുള്ള ഘടകങ്ങൾ 2017 ഓഗസ്റ്റ് മുതലാണ് ഒരുവർഷത്തേക്ക് വില നിയന്ത്രണത്തിലാക്കിയത്. തുടർന്നിങ്ങോട്ട് ഓരോവർഷവും വിലനിയന്ത്രണം പുതുക്കുകയായിരുന്നു.
ഇവയുടെ വിലനിയന്ത്രണം പൊതുജനാരോഗ്യത്തിന് അനിവാര്യമാണെന്ന വിലയിരുത്തലിലാണ് 2025 സെപ്റ്റംബർ 15-വരെ നിലവിലെ വില തുടരാൻ നിശ്ചയിച്ചത്.
കൃത്രിമമുട്ടിന്റെ ഘടകങ്ങൾക്ക് നിയന്ത്രണം തുടരും.