വിജയ് മല്യ, നീരവ് മോദി തുടങ്ങിയവരുടേതടക്കമുള്ള 16,000 കോടിയുടെ ആസ്തികൾ ബാങ്കുകൾക്ക് കൈമാറി ഇഡി
September 9, 2024 0 By BizNewsമുംബൈ: ബാങ്കുകളിൽ നിന്ന് വൻതുക വായ്പ എടുത്തശേഷം മനഃപൂർവം തിരിച്ചടയ്ക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ(vijay mallya), വജ്ര വ്യാപാരി നീരവ് മോദി(Nirav modi) എന്നിവരുടേതടക്കം 16,400 കോടി രൂപയുടെ ആസ്തികൾ ബാങ്കുകൾക്ക് കൈമാറി അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി/ED).
പണം തിരിമറി തടയൽ നിയമപ്രകാരം (പിഎംഎൽഎ/PMLA) കണ്ടുകെട്ടിയ സ്വത്തുക്കളാണിവ.
വിജയ് മല്യയുടെ 14,131 കോടി രൂപ മതിക്കുന്ന ആസ്തികളാണ് എസ്ബിഐ നയിക്കുന്ന ബാങ്കുകളുടെ കൺസോർഷ്യത്തിന് കൈമാറിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
നീരവ് മോദിയുടെ 1,052 കോടി രൂപയുടെ ആസ്തികൾ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) നേതൃത്വം നൽകുന്ന ബാങ്കിങ് കൺസോർഷ്യത്തിനും കൈമാറി.
നാഷണൽ സ്പോട്ട് എക്സ്ചേഞ്ച് ലിമിറ്റഡുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതി നിയോഗിച്ച സമിതിക്കാണ് 1,220 കോടി രൂപയുടെ ആസ്തികൾ ഇഡി കൈമാറിയത്. ഈ തട്ടിപ്പിൽ വഞ്ചിതരായത് 8,433 പൊതു നിക്ഷേപകരായിരുന്നു.
വായ്പ എടുത്തശേഷം തിരിച്ചടയ്ക്കാതെ മുങ്ങിയതിന് മല്യയെയും മോദിയെയും കോടതി സാമ്പത്തിക പിടികിട്ടാപ്പുള്ളികളായി ആയി കോടതി പ്രഖ്യാപിച്ചിരുന്നു.