വീടുകൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കാം
August 26, 2024കലിതുള്ളിയ പ്രകൃതിക്കുമുന്നിൽ വീടടക്കം നിക്ഷേപങ്ങളെല്ലാം ഒലിച്ചുപോകുന്നതിന്‍റെ വിറങ്ങലിപ്പ് ഇനിയും വിട്ടുമാറിയിട്ടില്ല. എത്ര അടച്ചുറപ്പുണ്ടെന്ന് കരുതുന്നവരിലും വയനാട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ സൃഷ്ടിക്കുന്നത് അസ്വസ്ഥതകളും ആശങ്കകളുമാണ്. 2004ലെ സൂനാമി മുതൽ ഒറ്റപ്പെട്ട നിലയിലായിരുന്നെങ്കിൽ 2015ന് ശേഷം ദുരന്തങ്ങൾ കേരളത്തിൽ തുടർക്കഥയാണ്. പുനരധിവാസത്തിന് സർക്കാറിന്‍റെയും സന്നദ്ധ സഹായ സംഘങ്ങളുടെയും ഇടപെടലുകൾ ഉണ്ടാകാറുണ്ടെങ്കിലും വിയർപ്പൊഴുക്കി ആയുസ്സിന്‍റെ നിക്ഷേപമായി സ്വരൂക്കൂട്ടിയതിന് പകരമാകാൻ ഇവക്കൊന്നും കഴിയില്ലെന്നത് പച്ചപരമാർഥം. ഈ സാഹചര്യത്തിലാണ് വാഹനങ്ങളെ പോലെ വീടിനും വീട്ടുപകരണങ്ങൾക്കുമടക്കം ഇൻഷുറൻസ് പരിരക്ഷ ഒരുക്കാവുന്ന സൗകര്യങ്ങൾ പ്രസക്തമാകുന്നത്.
പൊതുമേഖല ഇൻഷുറൻസ് കമ്പനികൾക്കൊപ്പം സ്വകാര്യ മേഖല കൂടി മത്സരാധിഷ്ിതമായി സജീവമായതോടെ വീടിനും വസ്തുവകകൾക്കും മുതൽ താമസക്കാർക്കും ഏതെങ്കിലും കാരണവശാൽ വീട് തകർന്ന് പരിക്കേൽക്കുന്ന അയൽക്കാരന് വരെ പരിരക്ഷയൊരുക്കാവുന്ന വിധം ഇൻഷുറൻസ് വിപണി പടർന്ന് പന്തലിച്ച് കഴിഞ്ഞു. ബാങ്ക് വായ്പ തിരിച്ചടയ്ക്കാൻ ഇടപാടുകാരന് കഴിയാതെ വന്നാൽ ഇൻഷുറൻസ് വഴി അടവിന് വഴിയൊരുക്കുകയും വായ്പ ബാധ്യത ആശ്രിതരുടെ ചുമലിൽ വീഴാതെ സംരക്ഷിക്കുകയും ചെയ്യുന്ന വായ്പ ഇൻഷുറൻസ് പരിരക്ഷ പദ്ധതികൾ ഇന്നുണ്ട്. മാത്രമല്ല, പല ബാങ്കുകളും വായ്പകൾക്ക് ഇത്തരത്തിൽ ഇൻഷുറൻസ് നിർബന്ധിത ഉപാധിയുമാക്കുകയാണ്.
വീട് ഒരാളുടെ ആയുസ്സിലെ ഏറ്റവും വലിയ നിക്ഷേപമാണ്. കേവലം വിപണി അടിസ്ഥാനപ്പെടുത്തിയുള്ള നിക്ഷേപമൂല്യം എന്നതിനപ്പുറം സ്വപ്നങ്ങളും സങ്കൽപങ്ങളും ആഗ്രഹങ്ങളുമെല്ലാമടങ്ങുന്ന വൈകാരിക മൂല്യം കൂടി അതിനുണ്ട്. ഈ സാഹചര്യത്തിലാണ് വീടുകൾക്കുള്ള ഇൻഷുറൻസിന് പ്രാധാന്യമേറുന്നത്. വീട്ടുടമസ്ഥനും ഇൻഷുറൻസ് കമ്പനിയും തമ്മിലുള്ള ഉടമ്പടിയിലൂടെ വെള്ളപ്പൊക്കം, കൊടുങ്കാറ്റ്, ഭൂകമ്പം, ഉരുൾപൊട്ടൽ, തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിൽ നിന്നും തീപിടിത്തം, ഷോർട്ട് സർക്യൂട്ട്, കവർച്ച എന്നിവയിൽ നിന്നുമുള്ള പരിരക്ഷയാണ് ഹോം ഇൻഷുറൻസുകൾ നൽകുന്നത്.
വീടിന്‍റെ സ്ട്രക്ചറിനപ്പുറം മനോഹരമായ ഇൻറീരിയറുകൾ, വീട്ടുപകരണങ്ങൾ, ഫർണിച്ചർ മുതൽ ആഭരണങ്ങളും വിലപ്പെട്ട വസ്തുക്കളും പരിരക്ഷയിൽ ഉൾപ്പെടുത്താം. പ്രകൃതി ദുരന്തങ്ങളുണ്ടായി ആളൊഴിഞ്ഞ വീടുകളിൽ മോഷണമുണ്ടായാൽ അവക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. ദുരന്തമുണ്ടായി ഏഴ് ദിവസത്തിനുള്ളിൽ സംഭവിക്കുന്ന കവർച്ചകൾക്കാണ് പരിരക്ഷ. രാജ്യത്ത് ഹോം ഇൻഷുറൻസ് എടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഏഴ് വർഷം മുമ്പ് വരെ മൊത്തം പോളിസികളിൽ ഒരു ശതമാനം മാത്രമായിരുന്നു ഇത്. അതേസമയം സമീപ കാലങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ വെള്ളപ്പൊക്കവും പ്രകൃതി ദുരന്തങ്ങളും ഹോം ഇൻഷുറൻസുകളുടെ അനിവാര്യതയിലേക്ക് ആളുകളെ എത്തിച്ചിട്ടുണ്ട്.
ഇൻഷുറൻസുകൾ ഇങ്ങനെ
ഹോം ഇൻഷുറൻസ് പോളികൾ പലവിധത്തിലുണ്ട്. ചില ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കൾക്ക് ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്ന നിലയിൽ പാക്കേജുകൾ ക്രമീകരിച്ചിട്ടുണ്ട്. വീടിന്‍റെ സ്ട്രക്ചറിന് സംരക്ഷണം നൽകുന്നവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ചുറ്റുമതില്‍, ഗേറ്റ്, കിണര്‍, റൂഫിങ് മുതലായ വീടിനനുബന്ധമായ നിർമിതികളും ഇതിൽ ഉൾപ്പെടും. സാധാരണ തീപിടിത്തമടക്കം 14 ഇനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കും. കുറഞ്ഞ പ്രീമിയമാണ് ഈ പോളിസിയുടെ പ്രത്യേകത. ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലയളവുകളിൽ ഇന്‍ഷുര്‍ ചെയ്യാം. ഹോം പാക്കേജ് പോളിസിയാണ് മറ്റൊന്ന്. ഓരോ പാക്കേജുകളാണെന്നതാണ് പ്രത്യേകത. വീടിനകത്തെ സാധന സാമഗ്രികളും വീട്ടിലുള്ള ആഭരണങ്ങളും വരെ കവർ ചെയ്യാവുന്ന പോളിസികൾ ഈ വിഭാഗത്തിലാണ്. ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ വിവിധ സ്ലാബുകൾ ഈ പാക്കേജിലുണ്ടാകും. ഇൻഷുർ ചെയ്ത വസ്തുവിന്‍റെ പരിസരത്ത് വീട്ടുടമക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ പരിക്കേൽക്കുകയോ മരണപ്പെടുകയോ ചെയ്താൽ നഷ്ടപരിഹാരം നൽകുന്ന വ്യക്തിഗത അപകടക ഇൻഷുറൻസ് ഹോം ഇൻഷുറൻസിന്‍റെ ഭാഗമായുണ്ട്.
പ്രീമിയം
പ്രീമിയം തുക ഇൻഷുറൻസ് പ്ലാനിനെ ആശ്രയിച്ചിരിക്കും. ഇൻഷുർ ചെയ്ത കെട്ടിടത്തിന്‍റെ മൂല്യം കണക്കാക്കിയാണ് പ്രീമിയം കണക്കുകൂട്ടുന്നത്. ആവശ്യമായ റിസ്ക് കവറേജിനെ അടിസ്ഥാനമാക്കിയും നിരക്കുകൾ വ്യത്യസ്തപ്പെടാം. വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് ആഡ്-ഓണുകൾ തെരഞ്ഞെടുക്കുകയാണെങ്കിൽ അടിസ്ഥാന പോളിസിയുടെയും ആഡ്-ഓണുകളുടെയും ആകെത്തുകയാവും പ്രീമിയം.
10 ലക്ഷം രൂപ മൂല്യമുള്ള വീടിന് 180 രൂപയാണ് വാർഷിക പ്രീമിയമായി വരുക. അതായത് ഒരു ലക്ഷത്തിന് 18 രൂപ .ഇതിനൊപ്പം ജി.എസ്.ടിയുമുണ്ടാകും. വീടിന്‍റെ സ്ട്രക്ചറിന് പുറമെ, പ്ലബ്ബിങ്, ഭിത്തിയിൽ സ്ഥാപിച്ച ഇലക്ട്രിക്കൽ ഉപകരണങ്ങൾ എന്നിവക്കും പരിരക്ഷയുണ്ടാകും. മറ്റ് ഉപകരണങ്ങൾക്ക് പരിരക്ഷ വേണമെങ്കിൽ അതിന് പ്രത്യേക പ്രീമിയമുണ്ട്. ഉടമ സാക്ഷ്യപ്പെടുത്താതെ തന്നെ വീടിന്‍റെ വിലയുടെ 20 ശതമാനം വരെ ഉപകരണങ്ങൾക്ക് ഇൻഷുർ ചെയ്യാം. ഉദാഹരണത്തിന് 10 ലക്ഷം രൂപ മൂല്യമുള്ള വീടിന് രണ്ടു ലക്ഷം രൂപയുടെ ഉപകരണ ഇൻഷുറൻസ് ലഭിക്കും. രണ്ടും ചേർത്ത് 12 ലക്ഷത്തിന് ഇൻഷുറൻസ് എടുക്കണം. അപ്പോൾ 216 രൂപയാകും പ്രീമിയം. ഉപകരണ ഇൻഷുറൻസ് നിർബന്ധമല്ല. ഇനി വീട് ഒരു കോടി രൂപയുടേതാണെന്നിരിക്കട്ടെ, 20 ലക്ഷം രൂപയുടെ ഉപകരണ ഇൻഷുറൻസ് എടുക്കാം. 2160 രൂപ ആകും പ്രീമിയം. 20 ശതമാനത്തെക്കാൾ കൂടുതലാണ് ഉപകരണങ്ങൾക്ക് വിലയെങ്കിൽ കൂടിയ കവറേജിന് ഇൻഷുർ ചെയ്യാം.
വാടകവീടിനും ഇൻഷുറൻസ്
മാറുന്ന ജീവിതസാഹചര്യങ്ങളും അതിവേഗത്തിലുള്ള നഗരവത്കരണവും മൂലം വീട് വാങ്ങുന്നതുപോലെ തന്നെ വീട് വാടകക്ക് എടുക്കുന്നതും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഉടമയുടെ അറിവോടെ വാടക വീട് ഇൻഷുർ ചെയ്യാം. വീടിനുണ്ടാകുന്ന കേടുപാടുകൾക്ക് വാടകക്കാരൻ ബാധ്യസ്ഥനായിരിക്കുന്ന പരാമർശം കരാറിലുണ്ടാകുമ്പോഴാണ് ഇത് കൂടുതൽ പ്രസക്തമാകുന്നത്. ഉപകരണങ്ങൾക്ക് മാത്രം ഇൻഷുറൻസ് സാധിക്കില്ല. വാടകക്കാരന് വീടിനൊപ്പം തന്‍റെ ഉപകരണങ്ങളും ഇത്തരത്തിൽ പരിരക്ഷയിലാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടിന് മുഴുവന്‍ പരിരക്ഷ നല്‍കുന്ന പോളിസി തെരഞ്ഞെടുക്കുകയെന്നത് പ്രധാനമാണ്. താമസിക്കുന്ന പ്രദേശത്തിന്‍റെ സാഹചര്യങ്ങൾ വലിയിരുത്തി വേണം തീരുമാനമെടുക്കേണ്ടത്. വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രദേശത്താണ് താമസിക്കുന്നതെങ്കില്‍ അത്തരത്തില്‍ കവര്‍ ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് മുൻഗണന നൽകണം. നിരവധി കമ്പനികള്‍ ഇത്തരം ഹോം ഇൻഷുറൻസ് നല്‍കുന്നുണ്ട്. ഹോം ഇൻഷുറൻസ് പോളിസിയിലെ കവറേജുകൾ മനസ്സിലാക്കുന്നതിനു പുറമെ, പോളിസിയിൽ ഉൾപ്പെടാത്തവ എന്തെല്ലാമെന്ന് കൂടി വ്യക്തമായി അറിഞ്ഞിരിക്കണം.
ഇവ പരിരക്ഷക്ക് പുറത്താണ്
- വീടിന് ബോധപൂർവമായുണ്ടാക്കുന്ന കേടുപാടുകൾ.
- സർക്കാർ അതോറിറ്റികൾ ഇടിച്ചുനിരത്തുന്ന കെട്ടിടങ്ങൾ (അനധികൃതമായി പരിഗണിക്കുന്നു)
- യുദ്ധം, യുദ്ധസമാനമായ പ്രവർത്തനങ്ങൾ തുടങ്ങിയ ഘടകങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ.
- മലിനീകരണം അല്ലെങ്കിൽ റേഡിയേഷൻ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ.
- നിയമവിരുദ്ധമായി സമ്പാദിച്ച വസ്തുവകകൾക്കുള്ള നാശത്തിന് ഇൻഷുറൻസ് ലഭിക്കില്ല.
മോഷണത്തിനും ബാങ്ക് വായ്പക്കും ഇൻഷുറൻസ്
പ്രകൃതി ദുരന്തങ്ങൾക്ക് അനുബന്ധമായല്ലാതെ മോഷണങ്ങളിൽനിന്ന് വീടുകൾക്കും ഉപകരണങ്ങൾക്കും വിലപിടിപ്പുള്ള സാധനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷയൊരുക്കാം. പക്ഷേ, ഹോം ഇൻഷുറൻസ് എടുത്തവർക്കേ മോഷണങ്ങൾക്കുള്ള ഇൻഷുറൻസ് ലഭിക്കൂ. മാത്രമല്ല, ഏകീകൃത പ്രീമിയം നിരക്കുമായിരിക്കില്ല. വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്‍റെ സുരക്ഷ, പ്രദേശിക സാഹചര്യങ്ങൾ, വസ്തുവകകളുടെ മൂല്യം എന്നിവയെല്ലാം അടിസ്ഥാനപ്പെടുത്തിയാണ് പ്രീമിയം കണക്കാക്കുക.
ബാങ്ക് വായ്പകൾക്കുള്ള ഇൻഷുറൻസാണ് മറ്റൊന്ന്. അതാത് ബാങ്കുകൾക്ക് കീഴിലുള്ള ഇൻഷുറൻസ് സ്ഥാപനങ്ങളാണ് ഇവ നൽകുന്നത്. ഹൗസിങ് ലോണുകൾക്കാണ് പ്രധാനമായും ഇത്തരം ഇൻഷുറൻസുകൾ അനുവദിക്കുന്നത്. അഞ്ച് ലക്ഷം രൂപവരെയുള്ള വായ്പകൾക്ക് 11,000-12,000 ആണ് വാർഷിക പ്രീമിയം. 46 വയസ്സുവരെയാണ് ഈ നിരക്ക്. തുടർന്നുള്ള പ്രായപരിധിക്കനുസരിച്ച് പ്രീമിയം വർധിക്കും. വായ്പ തുക കൂടുന്നതിനനുസരിച്ചും പ്രീമിയം നിരക്ക് വർധിക്കും. വാർഷിക പ്രീമിയം നിരക്ക് വായ്പ തിരിച്ചടവിന് സമാനം മാസാമാസം അടയ്ക്കാനുള്ള സൗകര്യവും ബാങ്കുകൾ നൽകുന്നുണ്ട്. മൊബൈൽ ഫോണുകൾക്ക് ഇൻഷുറൻസ് അനുവദിക്കുന്നുണ്ടെങ്കിലും മറ്റ് ഇൻഷുറൻസ് എടുത്തവർക്കാണ് പ്രധാനമായും പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഈ സൗകര്യം അനുവദിക്കുന്നത്. എന്നാൽ, ഡീലർമാരുമായി സഹകരിച്ച് ന്യൂ ജൻ ഇൻഷുറൻസ് കമ്പനികൾ മൊബൈൽ വാങ്ങുന്നവർക്ക് പരിരക്ഷ നൽകുന്നുണ്ട്.
ഹോം ഇൻഷുറൻസ് ഉണ്ടെങ്കിലും കാലപ്പഴക്കം മൂലം തകർന്നുവീഴുന്ന വീടുകൾക്ക് പരിരക്ഷ ലഭിക്കില്ല. എന്നാൽ, മരം വീണുണ്ടാകുന്ന കേടുപാടുകൾക്കും തകർച്ചക്കും ക്ലയിം ലഭിക്കും.