റോബോട്ടിക്സ് റൗണ്ട് ടേബിള്‍ 23ന് കൊച്ചിയില്‍
August 20, 2024 0 By BizNewsകൊച്ചി: വ്യവസായ വാണിജ്യവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസി സംഘടിപ്പിക്കുന്ന റോബോട്ടിക്സ് റൗണ്ട് ടേബിള്‍ ഏകദിനസമ്മേളനം 23ന് കൊച്ചി ഗ്രാന്റ് ഹയാത്ത് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. രാവിലെ ഒന്‍പതിന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.
റോബോട്ടിക്സ് സാങ്കേതികമേഖലയില്‍ കേരളത്തില്‍ നിന്ന് എന്തു പ്രതീക്ഷിക്കുന്നുവെന്നതിനെക്കുറിച്ച് പത്തോളം ആഗോളവിദഗ്ധര്‍ റൗണ്ട് ടേബിളില്‍ സംസാരിക്കും. 10 എന്‍ജിനീയറിംഗ് കോളജില്‍ നിന്നുള്‍പ്പടെ 195 സ്റ്റാര്‍ട്ടപ്പുകളും റൗണ്ട് ടേബിളില്‍ പങ്കെടുക്കും.
റോബോട്ടിക് മേഖലയില്‍ നിക്ഷേപവാഗ്ദാനങ്ങളും പ്രതീക്ഷിക്കുന്നുണ്ടെന്ന് പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 2025 ഫെബ്രുവരിയില്‍ സംഘടിപ്പിക്കുന്ന ആഗോള നിക്ഷേപകസംഗമത്തിന് മുന്നോടിയാണിത്.
മുന്നൂറിലേറെ വ്യക്തികളും 195 കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കും. നൂതന റോബോട്ടിക്‌സ് കണ്ടുപിടിത്തങ്ങളുടെ പ്രദര്‍ശനവും ഉണ്ടാകും. രാവിലെ 9.30ന് പ്രദര്‍ശനം തുടങ്ങും. 32 സ്റ്റാളുകളാണുള്ളത്. ഈ മേഖലയില്‍ മികച്ച നിക്ഷേപം കൊണ്ടുവരാന്‍ റൗണ്ട് ടേബിള്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു.
വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്.ഹരികിഷോര്‍, ചെയര്‍മാന്‍ പോള്‍ ആന്റണി, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ഹരികൃഷ്ണന്‍, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ അനൂപ് അംബിക, കേരള ടെക്നിക്കല്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, കുസാറ്റ് പ്രഫ. എം.വി. ജൂഡി, അര്‍മാഡ എഐ വൈസ്പ്രസിഡന്റ് പ്രാഗ് മിശ്ര, ഇന്‍ഡസ്ട്രിയല്‍ എഐ അക്സഞ്ചര്‍ എംഡി ഡെറിക് ജോസ്, സ്റ്റാര്‍ട്ടപ്പ് മെന്‍ര്‍ റോബിന്‍ ടോമി, ഇന്‍കെര്‍ റോബോട്ടിക്സ് സിഇഒ രാഹുല്‍ ബാലചന്ദ്രന്‍, ഐറ സിഇഒ പല്ലവ് ബജൂരി, ജെന്‍ റോബോട്ടിക്സ് സഹസ്ഥാപകന്‍ എന്‍.പി. നിഖില്‍, അസിമോവ് റോബോട്ടിക്സ് സിഇഒ ടി.ജയകൃഷ്ണന്‍, ഗ്രിഡ്ബോട്ട് ടെക്നോളജീസ് സിടിഒ പുള്‍കിത് ഗൗര്‍, ഐറോവ് സഹസ്ഥാപകന്‍ ജോണ്‍സ് ടി. മത്തായി തുടങ്ങിയവര്‍ പങ്കെടുക്കും.