ഗുജറാത്തില്‍ കാര്‍ നിര്‍മാണശാല സ്ഥാപിക്കാൻ ചൈനീസ് സംയുക്ത സംരംഭത്തിന് കേന്ദ്രാനുമതി തേടി മഹീന്ദ്ര

ഗുജറാത്തില്‍ കാര്‍ നിര്‍മാണശാല സ്ഥാപിക്കാൻ ചൈനീസ് സംയുക്ത സംരംഭത്തിന് കേന്ദ്രാനുമതി തേടി മഹീന്ദ്ര

August 10, 2024 0 By BizNews
Mahindra seeks central approval for Chinese joint venture to set up car manufacturing plant in Gujarat

ന്യൂഡൽഹി: ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ഷാങ്ക്സി ഗ്രൂപ്പുമായി സംയുക്ത സംരംഭം ആരംഭിക്കാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ (Mahindra and Mahindra) പദ്ധതി. 3 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിലായിരിക്കും കാര്‍ നിര്‍മാണത്തിനുള്ള(Car Manufacturing) സംയുക്ത സംരംഭം നിലവില്‍ വരിക.

ഗുജറാത്തിലാണ് കാര്‍ നിര്‍മാണശാല സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കാത്തിരിക്കുകയാണ് മഹീന്ദ്രയും ഷാങ്ക്സിയും.

സംയുക്ത സംരംഭത്തില്‍ ഭൂരിപക്ഷ ഓഹരികള്‍ മഹീന്ദ്രയ്ക്കായിരിക്കും. കയറ്റുമതി ലാക്കാക്കിയുള്ള കാര്‍ അസംബ്ലിംഗിനും എന്‍ജിനുകള്‍ക്കും കാര്‍ ബാറ്ററികള്‍ക്കുമാവും നിര്‍മാണശാലയില്‍ പ്രാമുഖ്യം.

2020 ന് ശേഷം ചൈനാ ബന്ധമുള്ള നിക്ഷേപങ്ങള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അതിര്‍ത്തി തര്‍ക്കം രൂക്ഷമായ ശേഷമാണ് ചൈനീസ് നിക്ഷേപങ്ങള്‍ക്കു മേല്‍ കേന്ദ്രം നിയന്ത്രണം കര്‍ശനമാക്കിയത്.

എന്നിരുന്നാലും സോളാര്‍ പാനലുകളും ബാറ്ററി നിര്‍മാണവുമടക്കമുള്ള തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ ചൈനീസ് നിക്ഷേപങ്ങള്‍ക്കു മേലുള്ള നിയന്ത്രണം മാറ്റാന്‍ കേന്ദ്രം ആലോചിക്കുന്നുണ്ട്.

ബിവൈഡി, ഗ്രേറ്റ് വാള്‍ മോട്ടേഴ്സ്, എംജി മോട്ടേഴ്സ് എന്നിവയുടെ വന്‍ നിക്ഷേപങ്ങളാണ് സമീപവര്‍ഷങ്ങളില്‍ റദ്ദാക്കുകയോ വൈകിപ്പിക്കുകയോ ചെയ്തിരിക്കുന്നത്.