യുപിഐ ഇടപാടുകള്‍ക്ക് സുരക്ഷ കൂട്ടാൻ പുതിയ ഫീച്ചര്‍; ഫിംഗര്‍പ്രിന്റും ഫേസ് ഐഡിയും ഉപയോഗിച്ച് പണമിടപാട് നടത്താം
August 10, 2024 0 By BizNewsമുംബൈ: കോടിക്കണക്കിന് ഇന്ത്യക്കാരെ ഡിജിറ്റൽ പണമിടപാട് രംഗത്തേക്ക് എത്തിച്ച സേവനമാണ് യുപിഐ(UPI). ദിവസേനയെന്നോണം കോടിക്കണക്കിനാളുകൾ യുപിഐ വഴി പണമിടപാടുകൾ നടത്തുന്നുണ്ടെന്നാണ് കണക്കുകൾ.
ഇപ്പോഴിതാ യുപിഐ സേവനങ്ങൾ കൂടുതൽ സുരക്ഷിതമാക്കുകയാണ് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) (എൻപിസിഐ).
സ്മാർട്ഫോണിലെ ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് പണമിടപാടുകൾക്ക് വെരിഫിക്കേഷൻ നൽകാനുള്ള സൗകര്യം അവതിരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികളുമായുള്ള കൂടിയാലോചനകളിലാണ് എൻപിസിഐ. അതായത് ഫോണിലെ ഫിംഗർപ്രിന്റ് സെൻസർ, ഫേസ് ഐഡി സംവിധാനങ്ങൾ ഉപയോഗിച്ച് യുപിഐ പണമിടപാടുകൾ നടത്താനാവും.
യുപിഐയുമായി ബന്ധപ്പെട്ട് പലവിധ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് എൻപിസിഐ ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങുന്നത്. ആളുകൾ ധ്വാനിച്ച് സമ്പാദിച്ച വലിയ തുക വെറും നാലോ ആറോ അക്കങ്ങളുള്ള യുപിഐ പിന്നിന്റെ സുരക്ഷയിലാണുള്ളത്.
ഇക്കാരണത്താൽ പലപ്പോഴും തട്ടിപ്പുകാർക്ക് ഉപഭോക്താക്കളെ കബളിപ്പിക്കാനും പണം തട്ടാനും സാധിക്കുന്നു. ഇതിന് തടയിടാനാണ് ബയോമെട്രിക് സുരക്ഷ ഒരുക്കാൻ എൻപിസിഐ ഒരുങ്ങുന്നത്.
യുപിഐ പിന്നിനൊപ്പം ഒരു അധിക സുരക്ഷയെന്നോണം ആയിരിക്കും ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിക്കാൻ സാധ്യത. ഈ സംവിധാനം എന്ന് നിലവിൽ വരുമെന്ന് വ്യക്തമല്ല.