സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു; ജൂലൈ 23ന് കടമെടുക്കുക 1,000 കോടി രൂപ
July 20, 2024 0 By BizNewsതിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെയുള്ള സാമ്പത്തികാവശ്യങ്ങൾ നിറവേറ്റാനായി സംസ്ഥാന സർക്കാർ വീണ്ടും കടമെടുപ്പിന് ഒരുങ്ങുന്നു.
കേന്ദ്ര ബജറ്റ് ദിവസമായ ജൂലൈ 23ന് റിസർവ് ബാങ്കിന്‍റെ കോർ ബാങ്കിങ്ങ് സൊല്യൂഷനായ ഇ-കുബേർ വഴി 1,000 കോടി രൂപയാണ് കടമെടുക്കുക.
നടപ്പ് സാമ്പത്തിക വർഷം (2024-25) സംസ്ഥാന സർക്കാർ ഇതിനകം മാത്രം 11,500 കോടി രൂപ കടമെടുത്തു കഴിഞ്ഞു. നടപ്പുവർഷം ആകെ 21,253 കോടി രൂപ കടമെടുക്കാൻ കേരളത്തിന് അർഹതയുണ്ടെന്നാണ് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നത്.
ജൂലൈ 23ന് 1,000 കോടി രൂപ കൂടി കടമെടുക്കുന്നതോടെ, നടപ്പുവർഷം പിന്നെ കടമെടുപ്പ് പരിധിയിൽ ശേഷിക്കുക 8,753 കോടി രൂപ മാത്രമാകും. സാമ്പത്തിക വർഷം അവസാനിക്കാൻ 9 മാസം കൂടി ബാക്കിയുണ്ടെന്നിരിക്കേയാണിത്.
കേരളം ഉൾപ്പെടെ 7 സംസ്ഥാനങ്ങളാണ് ജൂലൈ 23ന് കടമെടുപ്പിന് തീരുമാനിച്ചതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ആകെ 12,100 കോടി രൂപയാണ് ഇവ സംയോജിതമായി അന്ന് കടമെടുക്കുക.