ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കുതിച്ചു ചാട്ടം

ലോക റാങ്കിങ്ങില്‍ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികള്‍ക്ക് കുതിച്ചു ചാട്ടം

June 8, 2024 0 By BizNews

മുംബൈ: ലോകത്തിലെ ഏറ്റവും മികച്ച സര്‍വകലാശാലകളെ തെരഞ്ഞെടുക്കുന്ന ക്യൂ.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിംഗ് 2025ല്‍ മികച്ച നേട്ടം കൈവരിച്ച് ഐ.ഐ.റ്റി ബോംബേയും ഐ.ഐ.റ്റി ഡല്‍ഹിയും.

കഴിഞ്ഞ തവണ 149ആം സ്ഥാനത്തുണ്ടായിരുന്ന ഐ.ഐ.റ്റി ബോംബേ 31 സ്ഥാനം മുന്നോട്ടുകയറി 118ാമതെത്തി. 47 സ്ഥാനം മുന്നോട്ടുകയറിയ ഐ.ഐ.റ്റി ഡല്‍ഹി 150ാം സ്ഥാനവും സ്വന്തമാക്കി. ഇത്തവണ 46 സര്‍ലകലാശാലകള്‍ പട്ടികയില്‍ ഇടം നേടി. 2015ല്‍ ഇത് 11 ആയിരുന്നു. 10 വര്‍ഷത്തിനിടെ 318 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ഇക്കാര്യത്തില്‍ ഏഷ്യയില്‍ മൂന്നാം സ്ഥാനവും ഇന്ത്യ സ്വന്തമാക്കി. ജപ്പാനും ചൈനയുമാണ് ഇന്ത്യയ്ക്ക് തൊട്ടുമുന്നിലുള്ളത്. 61 ശതമാനം ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളും റാങ്കിംഗില്‍ മുന്നോട്ടുപോയി. 24 ശതമാനം റാങ്കില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഒമ്പത് ശതമാനത്തിന്റെ റാങ്ക് താഴോട്ടുപോയി.

മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.റ്റി) തുടര്‍ച്ചയായ പതിമൂന്നാം തവണയും ഒന്നാമതെത്തി. ഇംപീരിയല്‍ കോളേജ് ലണ്ടന്‍ രണ്ടാം സ്ഥാനത്ത്. ഓക്‌സ്‌ഫോര്‍ഡ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റികളാണ് മൂന്നും നാലും സ്ഥാനത്ത്. അഞ്ചാം സ്ഥാനം കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയും സ്വന്തമാക്കി.

പഠനം കഴിഞ്ഞവര്‍ക്ക് ജോലി ലഭിക്കുന്ന കാര്യത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി ആഗോള തലത്തില്‍ 44ാം സ്ഥാനം നേടി. ഗവേഷണ വിഷയത്തിലും ഇന്ത്യന്‍ സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ച വച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

സര്‍വകലാശാലകളില്‍ നടത്തിയ ഗവേഷണവുമായി ബന്ധപ്പെട്ട (Citations per Faculty) സൂചകത്തില്‍ ഇന്ത്യ 37.8 സ്‌കോറോടെ ആഗോള ശരാശരിയെ (23.5) മറികടന്നു. അതേസമയം സര്‍വകലാശാലകളില്‍ വിദേശ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇന്ത്യ ഇപ്പോഴും വളരെ പിറകിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അധ്യാപക – വിദ്യാര്‍ത്ഥി അനുപാതം, പഠന ശേഷമുള്ള തൊഴില്‍ ലഭ്യത, സുസ്ഥിരത തുടങ്ങിയ സൂചകങ്ങളിലും ഇന്ത്യന്‍ സര്‍വകലാശാലകള്‍ മോശം പ്രകടനമാണ് കാഴ്ച വച്ചത്.

സര്‍വകലാശാലകളുടെ പ്രകടനത്തില്‍ അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനുള്ള ശ്രമമാണ് കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ നടത്തി വരുന്നത്. അതിന്റെ നേട്ടമാണ് ക്യൂ.എസ് റാങ്കിംഗില്‍ കാണാന്‍ കഴിഞ്ഞത്.

കഠിനാധ്വാനം ചെയ്ത അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനം അറിയിക്കുന്നു. ഗവേഷണത്തിനും പുതിയ കണ്ടെത്തലുകള്‍ക്കുമായി അടുത്ത അഞ്ച് വര്‍ഷക്കാലം കൂടുതല്‍ പണം അനുവദിക്കുമെന്നും മോദി സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.