22 ബില്യന്‍ ഡോളറുണ്ടായിരുന്ന ബൈജൂസിന്റെ വിപണിമൂല്യം പൂജ്യമാക്കി ബ്ലാക്ക് റോക്ക്
June 8, 2024 0 By BizNewsബെംഗളൂരു: ബൈജൂസിന്റെ വിപണി മൂല്യം പൂജ്യമാക്കി അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ബ്ലാക്ക് റോക്ക്.അടുത്തിടെ ബൈജൂസ് നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ബ്ലാക്ക്‌റോക്കിന്റെ നടപടിയെന്നാണ് നിരീക്ഷണം. ഒരുകാലത്ത് 2200 കോടി ഡോളറുണ്ടായിരുന്ന, ഇന്ത്യന്‍ എഡ്‌ടെക്ക് സ്ഥാപനമായിരുന്നു ബൈജൂസ്.
ബൈജൂസിലെ മുഖ്യനിക്ഷേപസ്ഥാപമായ പ്രോസസിന്റെ ഓഹരികളുടെ വിപണിമൂല്യം കഴിഞ്ഞ ദിവസം എച്ച്.എസ്.ബി.സി കുറച്ചതിന് പിന്നാലെയാണ് അപ്രതീക്ഷിത തിരിച്ചടി.
ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സ്റ്റാര്‍ട്ടപ്പ് കമ്പനിയായി കണക്കാക്കിയിരുന്ന ബൈജൂസിലെ പ്രതിസന്ധികള്‍ ആദ്യമായി ചൂണ്ടിക്കാട്ടിയത് അമേരിക്കന്‍ കമ്പനിയായ ബ്ലാക്ക് റോക്ക് ആയിരുന്നു.
ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആന്‍ഡ് ലേണില്‍ വിവിധ ഫണ്ടുകളിലായാണ് ബ്ലാക്ക് റോക്ക് നിക്ഷേപം നടത്തിയത്. വലിയ നിക്ഷേപങ്ങളും കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിന്റെ സാധ്യത വര്‍ധിച്ചതും ബൈജൂസിനെ കൂടുതല്‍ ഉയരങ്ങളിലെത്തിച്ചു.
പിന്നീടുണ്ടായ പ്രതിസന്ധികള്‍ കമ്പനിയെ തകര്‍ച്ചയിലേക്ക് നയിക്കുകയായിരുന്നു. ഇതാദ്യമായല്ല ബ്ലാക്ക് റോക്ക് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ ബൈജൂസിന്റെ മൂല്യം ഏതാണ്ട് 1000 കോടി ഡോളറോളം ബ്ലാക്ക് റോക്ക് കുറച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഇരുകമ്പനികളും ഇതുവരെ തയ്യാറായിട്ടില്ല.
കമ്പനിയുടെ ഓഡിറ്റര്‍മാരും ബോര്‍ഡ് അംഗങ്ങളും രാജിവച്ചതിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും ബൈജൂസ് ഇതുവരെയും കരകയറിയിട്ടില്ല. ബൈജൂസിനെതിരെ കഴിഞ്ഞ ദിവസം അമേരിക്കന്‍ വായ്പാദാതാക്കള്‍ കടുത്ത നിയമനടപടിയും സ്വീകരിച്ചിരുന്നു.
ബൈജൂസിന്റെ അമേരിക്കന്‍ ഉപസ്ഥാപനമായ ആല്‍ഫയെ പാപ്പരാക്കണമെന്ന് അമേരിക്കയിലെ ബാങ്കിതര വായ്പാസേവന കമ്പനിയായ ഗ്ലാസ് ട്രസ്റ്റ് കമ്പനി നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനോട് ആവശ്യപ്പെടുകയായിരുന്നു.
നിക്ഷേപകരില്‍ നിന്നും കനത്ത വിമര്‍ശനമാണ് ബൈജൂസ് നേരിടുന്നത്. തങ്ങളുടെ ഉപദേശങ്ങള്‍ക്ക് ബൈജൂസ് ചെവികൊടുക്കാറില്ലെന്ന് നിക്ഷേപകരായ പ്രൊസൂസ് അടുത്തിടെ വിമര്‍ശിച്ചിരുന്നു.
ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും മലയാളിയായ ബൈജു രവീന്ദ്രനെയും കുടുംബാംഗങ്ങളെയും പുറത്താക്കണമെന്നാണ് പ്രമുഖ നിക്ഷേപകരായ പ്രൊസൂസ് അടക്കമുള്ളവരുടെ ആവശ്യം. അതിനിടെയാണ് ബ്ലാക്ക് റോക്കിന്റെ നടപടി.