എസ്‌ബിഐയുടെ വിപണിമൂല്യം എട്ട് ലക്ഷം കോടി രൂപ മറികടന്നു
June 4, 2024 0 By BizNewsമുംബൈ: ഇന്നലെ 10 ശതമാനം ഉയര്‍ന്ന എസ്‌ബിഐയുടെ വിപണിമൂല്യം എട്ട് ലക്ഷം കോടി രൂപ മറികടന്നു. ഇന്നലെ എസ്‌ബിഐയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 912 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി.
തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന എക്‌സിറ്റ് പോള്‍ പ്രവചനം വിപണിയിലുണ്ടാക്കിയ കുതിപ്പാണ് എസ്‌ബിഐയുടെ ഓഹരിയും മുന്നേറുന്നതിന് വഴിവെച്ചത്.
പ്രമുഖ വിദേശ ബ്രോക്കറേജ് ആയ സിഎല്‍എസ്‌എ തിരഞ്ഞെടുത്ത 54 മോദി ഓഹരികളില്‍ എസ്‌ബിഐയും ഉള്‍പ്പെടുന്നുണ്ട്. കാനറാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയാണ് മോദി ഓഹരികളില്‍ ഉള്‍പ്പെടുന്ന മറ്റ് പൊതു മേഖലാ ബാങ്ക് ഓഹരികള്‍.
മോദി സര്‍ക്കാരിന്റെ നയങ്ങളും നടപടികളും നേരിട്ട് ഗുണകരമാകുന്ന കമ്പനികളെയാണ് മോദി ഓഹരികള്‍ എന്ന് വിശേഷിപ്പിക്കുന്നത്.
ഇന്നലെ എല്ലാ പൊതുമേഖലാ ഓഹരികളും മുന്നേറ്റം നടത്തി. നിഫ്‌റ്റി പൊതുമേഖലാ ബാങ്ക് സൂചിക ഇന്നലെ എട്ടര ശതമാനമാണ് ഉയര്‍ന്നത്.
ബാങ്ക് ഓഫ് ബറോഡ, സെന്‍ട്രല്‍ ബാങ്ക് എന്നീ ഓഹരികള്‍ 11 ശതമാനത്തിലേറെ ഉയര്‍ന്നു.