പ്രവചനങ്ങൾ മങ്ങി; ഓഹരി വിപണി വീണു
June 4, 2024ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങിതോടെ ഒാഹരി വിപണയിൽ വൻ ഇടിവ്. പ്രധാന ഓഹരി സൂചികയായ നിഫ്റ്റിയും സെൻസെക്സും രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി 500 ലേറെയും സെൻസെക്സ് 1400 ലേറെയും പോയന്റുകൾ നഷ്ടത്തിലായത്. ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി സൂചികയായ ബാങ്ക് നിഫ്റ്റിയും 2.95 ശതമാനത്തിലേറെ നഷ്ടത്തിലായി. മിഡ്കാപ് ഓഹരികൾക്കും സ്മാൾ കാപ് ഓഹരികൾക്കും കനത്ത തകർച്ചയാണ് നേരിട്ടത്. എക്സിറ്റ് പോൾ പ്രവചനം പോലെ എൻ.ഡി.എക്ക് വിജയം അനായാസമല്ല എന്ന സൂചനകളാണ് വിപണിക്ക് തിരിച്ചടിയായത്.
പൊതുമേഖല കമ്പനികളുടെ ഒാഹരികളാണ് ഏറ്റവും ശക്തമായ വിൽപന നേരിട്ടത്. ഒ.എൻ.ജി.സി, എൻ.ടി.പി.സി, കോൾഇന്ത്യ, എസ്.ബി.ഐ തുടങ്ങിയ തുടങ്ങിയ ഓഹരികൾ ആറ് ശതമാനത്തോളം ഇടിഞ്ഞു. റിലയൻസ്, എച്ച്.ഡി.എഫ്,സി ബാങ്ക്, എൽ ആൻഡ് ടി തുടങ്ങിയ ഓഹരികളും നിക്ഷേപകർ കൂട്ടമായി വിറ്റു. എക്സിറ്റ് പോളുകൾ എൻ.ഡി.എക്ക് വൻ വിജയം പ്രവചിച്ചതിനെ തുടർന്ന് തിങ്കളാഴ്ച വിപണി റെക്കോർഡ് ഉയരരത്തിലേക്ക് കുതിച്ചുകയറിയിരുന്നു. 40 മാസത്തെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു തിങ്കളാഴ്ചത്തേത്.