8,30,000 കോടി സമാഹരണ ലക്ഷ്യവുമായി ജിയോ ഇൻഫോകോം ഓഹരി വിപണിയിലേക്ക്
May 29, 2024 0 By BizNewsറിലയൻസിൽ നിന്നു മറ്റൊരു കമ്പനി കൂടി ഉടൻ ഇന്ത്യൻ ഓഹരി വിപണികളിലേയ്ക്ക് എത്തിയേക്കുമെന്നു റിപ്പോർട്ട്. 2024-ന്റെ തുടക്കത്തിൽ 100 ബില്യൺ ഡോളർ ആസ്തിയുമായി എലൈറ്റ് ഗ്രൂപ്പിൽ ചേർന്ന വ്യക്തിയാണ് മുകേഷ് അംബാനി.
നിലവിൽ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 9,40,000 കോടി രൂപയാണ്. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജിയോ ഇൻഫോകോം ആകും അടുത്തതായി ഓഹരി വിപണികളിലേയ്ക്ക് എത്തുകയെന്നാണ് റിപ്പോർട്ട്.
റിലയൻസ് ഇൻഡസ്ട്രീസ് ഏകദേശം 1,200 രൂപ ഓഹരി വിലയിൽ 100 ബില്യൺ ഡോളർ അല്ലെങ്കിൽ 8,30,000 കോടിയിലധികം മൂല്യനിർണയം നടത്തുമെന്ന് കരുതുന്നു. ഗണ്യമായ ഓഫർ ഫോർ സെയിൽ (OFS) ഐപിഒയുടെ ഭാഗമായിരിക്കും.
2016 -ൽ സ്ഥാപിതമായ ജിയോ ഇന്ന് ഇന്ത്യൻ വിപണികളിലെ പ്രധാന മുൻനിത പ്ലെയറുകളിൽ ഒന്നാണ്. നാൾക്കുനാൾ കമ്പനിയുടെ ഉപഭോക്തൃ ബേസ് വർധിച്ചുകൊണ്ടിരിക്കുന്നു.
2020ൽ കമ്പനി 13 ഓളം വിദേശ നിക്ഷേപകരിൽ നിന്ന് 57- 64 ബില്യൺ ഡോളർ നിക്ഷേപം നേടിയിരുന്നു. ഓഹരി വിപണികൾക്കു പുറത്തുനിന്നു തന്നെ ഗണ്യമായി നിക്ഷേപം കണ്ടെത്താൻ സാധിച്ചതാണ് കമ്പനിയുടെ ഐപിഒ വൈകാനുള്ള കാരണമായി കരുതുന്നത്.
മാർക്ക് സുക്കർബർഗിന്റെ മെറ്റയ്ക്ക് (മുമ്പത്തെ ഫെയ്‌സ്ബുക്ക്) ജിയോ ഇൻഫോകോമിൽ 9.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഗൂഗിളിന്റെ പക്കൽ 7.73 ശതമാനം ഓഹരികളുണ്ട്.
2020-ൽ 20 ബില്യൺ ഡോളറിലധികം നിക്ഷേപിച്ച പ്രൈവറ്റ് ഇക്വിറ്റികൾക്കും (പിഇ), മറ്റ് നിക്ഷേപകർക്കും പുറത്തുപോകാനുള്ള സാധ്യതയുടെ ഭാഗമാണ് ഐപിഒ എന്നു കരുതപ്പെടുന്നു.
അടുത്തിടെ ജിയോ ഫിനാൻഷ്യൽ സർവീസസ് റിലയൻസിൽ നിന്നു വേർപ്പെടുത്തി പ്രത്യേകം വിപണികളിൽ ലിസ്റ്റ് ചെയ്തിരുന്നു.
തുടക്കത്തിൽ നേരിയ തിരിച്ചടി നേരിട്ടെങ്കിലും നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ സമ്മാനിക്കാൻ ജിയോ ഫിനാൻഷ്യൽ സർവീസസിനും സാധിച്ചിട്ടുണ്ട്.