ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നു

ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് വാഹനങ്ങൾക്ക് പ്രിയമേറുന്നു

May 28, 2024 0 By BizNews

കൊച്ചി: വൈദ്യുതി വാഹനങ്ങളേക്കാൾ ജനപ്രിയത നേടി ഹൈബ്രിഡ് മോഡിലുള്ള കാറുകൾ. ഹൈബ്രിഡ് ട്രാൻസ്മിഷനുള്ള കാറുകളും സ്‌പോർട്ട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്കും(എസ്.യു.വി) മുൻപൊരിക്കലുമില്ലാത്ത വില്പന താത്പര്യമാണ് ദൃശ്യമാകുന്നതെന്ന് വാഹന ഡീലർമാർ പറയുന്നു.

വൈദ്യുത വാഹനങ്ങളുടെ വില്പനയിലെ മന്ദഗതിയുടെ നേട്ടം ഹൈബ്രിഡ് കാറുകൾ നേടുകയാണെന്നും അവർ പറയുന്നു. ഹൈബ്രിഡ് മോഡിൽ മാരുതി സുസുക്കിയും ടോയോട്ട മോട്ടോഴ്സും നിരവധി പുതിയ വാഹനങ്ങൾ വിപണിയിൽ അവതരിപ്പിച്ചതാണ് വൈദ്യുതി വാഹനങ്ങളുടെ വില്പനയെ പ്രതികൂലമായി ബാധിച്ചത്.

ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മൊത്തം വാഹന വില്പനയുടെ 2.48 ശതമാനം ഹൈബ്രിഡ് വാഹനങ്ങളാണ്. ഇക്കാലളയവളിൽ വൈദ്യുതി വാഹനങ്ങളുടെ വിപണി വിഹിതം 2.63 ശതമാനമാണെന്ന് പ്രമുഖ ഗവേഷണ ഏജൻസിയായ ജാറ്റോ ഡൈനാമിക്സ് പറയുന്നു.

കഴിഞ്ഞ മാസങ്ങളിൽ രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയും ടൊയോട്ട മോട്ടോഴ്സും വിപണിയിൽ അവതരിപ്പിച്ച പുതിയ ഹൈബ്രിഡ് എസ്.യു.വികൾക്ക് മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചത്.

ഇതോടെ മറ്റ് വാഹന കമ്പനികളായ കിയ, ഹ്യുണ്ടായ് എന്നിവയും ഹൈബ്രിഡ് മോഡലുകൾ പുറത്തിറക്കാനുള്ള ആലോചനയിലാണ്. ഇരു കമ്പനികളുടെയും പുതിയ എസ്.യു.വികൾ ഹൈബ്രിഡാകുമെന്നാണ് സൂചന.

നിലവിൽ മാരുതി സുസുക്കി, ടൊയോട്ട മോട്ടോഴ്സ്, ഹോണ്ട മോട്ടോർ എന്നിവ മാത്രമാണ് ഹൈബ്രിഡ് കാറുകൾ ഇന്ത്യൻ വിപണിയിൽ വിൽക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചുള്ള ആശങ്കകൾ മൂലം ഉപഭോക്താക്കൾ പെട്രോൾ, ഡീസൽ കാറുകൾ ഉപേക്ഷിച്ച് വൈദ്യുതി വാഹനങ്ങളിലേക്ക് നീങ്ങുന്ന പ്രവണതയാണ് ദൃശ്യമായിരുന്നത്.

എന്നാൽ ആവശ്യത്തിന് ചാർജിംഗ് സംവിധാനങ്ങളിലല്ലാത്തതും വൈവിദ്ധ്യമാർന്ന മോഡലുകൾ ലഭ്യമല്ലാത്തതും മൂലം നിലവിൽ ഉപഭോക്താക്കൾ ഹൈബ്രിഡ് കാറുകളോടാണ് താത്പര്യം പ്രകടിപ്പിക്കുന്നതെന്ന് വാഹന ഡീലർമാർ പറയുന്നു.

ഇലക്ട്രിക് മോട്ടോറിനോപ്പം ഫോസിൽ ഇന്ധനത്തിലോടുന്ന എൻജിനുമുള്ള വാഹനങ്ങളാണ് ഹൈബ്രിഡ് എന്നറിയപ്പെടുന്നത്. ഇവ അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനൊപ്പം മികച്ച ഇന്ധക്ഷമത നൽകുകയും ചെയ്യുന്നു.

ഇന്ത്യൻ ഹൈബ്രിഡ് കാർ വിപണിയിലെ ആധിപത്യം ടൊയോട്ടയ്ക്കാണ്. ടൊയോട്ടയുടെ സെൽഫ് ചാർജിംഗ് സാങ്കേതികവിദ്യയുടെ ബലത്തിൽ ഇലക്ട്രിക് മോഡിലോ പെട്രോളിയം എൻജിൻ ഉപയോഗിച്ചോ ആവശ്യാനുസരണം ഓടിക്കാൻ കഴിയും.

വാഹനം ഓടുമ്പോൾ നാൽപ്പത് ശതമാനം ദൂരം ഇലക്ട്രിക് മോഡിലും ശേഷിക്കുന്ന സമയം ഫോസിൽ എൻജിനിലും പ്രവർത്തിക്കുന്ന ഹൈബ്രിഡ് സാങ്കേതികവിദ്യയാണ് അവർക്കുള്ളത്.