16,600 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസ്

16,600 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസ്

May 28, 2024 0 By BizNews

ന്യൂഡൽഹി: ഓഹരി വിൽപനയിലൂടെ 16,600 കോടി രൂപ സമാഹരിക്കാൻ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കാണ് ഓഹരി വിൽപന നടത്തുക. ഓഹരി വിൽപനയിലൂടെ 12,500 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞ ദിവസം അദാനി ഗ്രൂപ്പിന് കീഴിലെ അദാനി എനർജി സൊലൂഷൻസ് ലിമിറ്റഡും തീരുമാനിച്ചിരുന്നു. ഒന്നോ അതിലധികമോ ഘട്ടങ്ങളായാണ് ഫണ്ട് സമാഹരണം നടത്തുക.

ബോർഡ് തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം കൂടി ആവശ്യമാണ്. അദാനി എന്റർപ്രൈസസ് ഓഹരി ഉടമകളുടെ യോഗം ജൂൺ 24നും അദാനി എനർജിയുടേത് തൊട്ടടുത്ത ദിവസവും നടക്കും. ഫണ്ട് സമാഹരണത്തിന് കഴിഞ്ഞ വർഷവും കമ്പനികൾക്ക് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചിരുന്നു. ഇത് ജൂണിൽ അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതുതായി അംഗീകാരം തേടുന്നത്.

ഓഹരി വിൽപനയിലൂടെ കമ്പനിയിൽ അദാനി കുടുംബത്തി​െന്റ വിഹിതം കുറയും. അദാനി എന്റർപ്രൈസസിൽ 72.61 ശതമാനവും അദാനി എനർജിയിൽ 73.22 ശതമാനവുമാണ് നിലവിൽ അദാനി കുടുംബത്തിന് ഓഹരിയുള്ളത്.