സ്മാർട്ഫോൺ വില്‍പ്പനയിൽ ആപ്പിളിനെ പിന്തള്ളി സാംസങ്

സ്മാർട്ഫോൺ വില്‍പ്പനയിൽ ആപ്പിളിനെ പിന്തള്ളി സാംസങ്

May 6, 2024 0 By BizNews

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയില്‍ ആപ്പിളിനെ പിന്തള്ളി സാംസങിന്റെ മുന്നേറ്റം. ഈ വര്‍ഷം ആദ്യ പാദത്തിലെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ 20% വില്‍പന വിഹിതം നേടിക്കൊണ്ടാണ് സാംസങ് മുന്നിലെത്തിയത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ആപ്പിളിന്റെ വില്‍പനയില്‍ 13% കുറവു വന്നതും സാംസങിന്റെ മുന്നേറ്റത്തിന് കാരണമായി. സ്മാര്‍ട്ട്‌ഫോണ്‍ എണ്ണത്തില്‍ കുറവു വന്നെങ്കിലും ശരാശരി വില്‍പന വിലയുടെ കാര്യത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് രണ്ട് ശതമാനം വളര്‍ച്ച നേടാന്‍ ആപ്പിളിനായെന്നും കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

ഗാലക്‌സി എസ്24 സീരീസിന്റേയും ഗാലക്‌സി എ സീരീസിന്റേയും മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനം തിരികെ പിടിക്കാന്‍ സാംസങിനെ സഹായിച്ചത്. എക്കാലത്തേയും മികച്ച ശരാശരി വില്‍പന വില(ASP) നേടാനും സാംസങിന് സാധിച്ചു.

2024ലെ ആദ്യ മൂന്നു മാസങ്ങളില്‍ ആപ്പിളിന്റേത് സമ്മിശ്ര പ്രകടനമായിരുന്നു. ‘ചൈനയില്‍ നിന്നുള്ള കടുത്ത മത്സരം, അമേരിക്കയിലെ വില്‍പനയിലുണ്ടായ കുറവ്’ എന്നിങ്ങനെ പല കാരണങ്ങളാണ് ആപ്പിളിനുണ്ടായ തിരിച്ചടിക്ക് പിന്നിലെന്നാണ് റിസര്‍ച്ച് ഡയറക്ടര്‍ ജെഫ് ഫീല്‍ഡ് ഹാക്ക് പറയുന്നത്.

അതേസമയം ആപ്പിളിന് തിരിച്ചടി മാത്രമാണ് ഈ കാലയളവിലുണ്ടായതെന്ന ധാരണയും തെറ്റാണ്. മുന്‍ മോഡലുകളെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് ഐഫോണ്‍ 15 പ്രൊ നടത്തുന്നത്. പുതിയ വിപണികളില്‍ ശക്തമായ സാന്നിധ്യമായി ആപ്പിള്‍ മാറുകയും ചെയ്തു. പല വിപണികളിലും തിരിച്ചടിയുണ്ടായെങ്കിലും പുതിയ വിപണി സാധ്യതകള്‍ കണ്ടെത്താനായത് ഭാവിയില്‍ ആപ്പിളിന് ഗുണമാവുമെന്ന സൂചനയും നല്‍കുന്നുണ്ട്.

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളായ ഷവോമി, വിവോ എന്നിവയും വില്‍പനയില്‍ വളര്‍ച്ച രേഖപ്പെടുത്തി. ഷവോമി എല്ലാ പ്രധാന വിപണികളിലും വളര്‍ച്ച നേടി. ഇന്ത്യ അടക്കമുള്ള ഏഷ്യ – പസഫിക് മേഖലയിലാണ് വിവോ മികച്ച പ്രകടനം നടത്തിയത്.

വാവെയ്, ഹോണര്‍, ട്രാന്‍ഷന്‍ എന്നീ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളും നേട്ടമുണ്ടാക്കി. വാവെയ് ചൈനയിലും ഹോണര്‍ ചൈനക്കു പുറമേ കരീബിയ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലും നേട്ടമുണ്ടാക്കി. ടെക്‌നോ, ഇടെല്‍, ഇന്‍ഫിനിക്‌സ് എന്നീ ബ്രാന്‍ഡുകള്‍ വഴിയാണ് ട്രാന്‍ഷന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മികച്ച വില്‍പന നേടിയത്.

ഏഷ്യ പസഫിക്, കിഴക്കന്‍ യൂറോപ്, പശ്ചിമേഷ്യ, ആഫ്രിക്ക രാജ്യങ്ങളിലാണ് ട്രാന്‍ഷന്‍ മികച്ച പ്രകടനം നടത്തിയത്. അതേസമയം വണ്‍പ്ലസ് അടക്കമുള്ള ബ്രാന്‍ഡുകള്‍ കൈവശമുള്ള ഒപ്പോ ചൈന അടക്കമുള്ള വിപണികളില്‍ തിരിച്ചടി രേഖപ്പെടുത്തി.

ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണി 2024 ആദ്യപാദത്തില്‍ ആറു ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി. അന്താരാഷ്ട്രതലത്തില്‍ ആകെ 296.9 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് ഈ കാലയളവില്‍ വില്‍പന നടത്തിയത്.

യൂറോപ്, പശ്ചിമേഷ്യ, ആഫ്രിക്ക, കരീബിയന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന മികച്ചു നിന്നത്.

അന്താരാഷ്ട്ര തലത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പനയിലൂടെയുള്ള വരുമാനം 2024 ആദ്യ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയും വളര്‍ച്ച രേഖപ്പെടുത്തി.

അതേസമയം വടക്കേ അമേരിക്ക, ജപ്പാന്‍ തുടങ്ങിയ വിപണികളില്‍ 2023നെ അപേക്ഷിച്ച് കുറഞ്ഞ വില്‍പനയാണ് നടന്നത്.