വ്യവസായിക വളർച്ച നാല് മാസത്തെ ഉയരത്തിൽ
April 13, 2024ന്യൂഡൽഹി: ഇന്ത്യയുടെ വ്യവസായിക വളർച്ച നാല് മാസത്തെ ഉയരത്തിൽ. ഫെബ്രുവരിയിൽ 5.7 ശതമാനമാണ് വളർച്ചനിരക്ക്. ഖനനമേഖലയുടെ മികച്ച പ്രകടനമാണ് വളർച്ചക്ക് മുഖ്യ കാരണം. ഫാക്ടറി ഉൽപാദന വളർച്ച ഫെബ്രുവരിയിൽ ആറ് ശതമാനമാണ്.
ഇതിനു മുമ്പത്തെ ഉയർന്ന വ്യവസായിക ഉൽപാദന വളർച്ചനിരക്ക് കഴിഞ്ഞ വർഷം ഒക്ടോബറിൽ രേഖപ്പെടുത്തിയ 11.9 ശതമാനമാണ്. നവംബറിൽ വളർച്ച 2.5 ശതമാനമായും ഡിസംബറിൽ 4.2 ശതമാനമായും ജനുവരിയിൽ 4.1 ശതമാനമായും കുറഞ്ഞു. ഖനന ഉൽപാദന വളർച്ച ഫെബ്രുവരിയിൽ എട്ട് ശതമാനമായാണ് ഉയർന്നത്. ഒരു വർഷം മുമ്പ് വളർച്ച 4.8 ശതമാനമായിരുന്നു.
ചില്ലറ പണപ്പെരുപ്പം മാർച്ചിൽ 4.85 ശതമാനമെന്ന അഞ്ച് മാസത്തെ കുറഞ്ഞ നിലയിലെത്തി. ഭക്ഷ്യവിലയിലെ കുറവാണ് പണപ്പെരുപ്പം കുറയാൻ ഇടയാക്കിയത്. നാല് ശതമാനമെന്ന റിസർവ് ബാങ്കിെന്റ ലക്ഷ്യത്തോടടുക്കുകയാണ് പണപ്പെരുപ്പം. ഉപഭോക്തൃ വില സൂചിക അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം ഫെബ്രുവരിയിൽ 5.09 ശതമാനവും കഴിഞ്ഞ വർഷം മാർച്ചിൽ 5.66 ശതമാനവുമായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 4.87 ശതമാനത്തിലെത്തിയിരുന്നു.