ബിഎസ്ഇയിലെ ഓഹരികളുടെ മൂല്യം ‘400 ട്രില്യണ്‍’ കടന്നു
April 8, 2024 0 By BizNewsമുംബൈ: ദലാല്‍ സ്ട്രീറ്റില്‍ പുതിയ ചരിത്രം പിറന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത എല്ലാ ഓഹരികളുടെയും കൂടിയുള്ള വിപണി മൂല്യം ആദ്യമായി 400 ലക്ഷം കോടി രൂപ കടന്നു. വെറും ഒമ്പത് മാസത്തിനുള്ളില്‍ 100 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയാണ് ബിഎസ്ഇയുടെ വിപണി മൂല്യത്തിലുണ്ടായിരിക്കുന്നത്.
റീട്ടെയില്‍ നിക്ഷേപകര്‍ പരമ്പരാഗത സമ്പാദ്യ പദ്ധതികളില്‍ നിന്ന് വഴിമാറി ഓഹരി വിപണിയിലേക്ക് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത് പുതിയ കുതിപ്പിന് കാരണമായി.
2007ലാണ് 50 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് ഇന്ത്യന്‍ ഓഹരി വിപണി പിന്നിട്ടത്.
2014 മാര്‍ച്ചിലാണ് ബിഎസ്ഇ ആദ്യമായി 100 ലക്ഷം കോടി രൂപയുടെ വിപണി മൂല്യം കൈവരിച്ചത്. തുടര്‍ന്ന് 2021 ഫെബ്രുവരിയില്‍ 200 ലക്ഷം കോടി രൂപയിലെത്തി. 2023 ഏപ്രിലിന് ശേഷം ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത് 57 ശതമാനം കുതിപ്പാണ്. 74,624 ലെവലിലാണ് സെന്‍സെക്‌സ് വ്യാപാരം നടന്നത്.
2023 ജൂലൈ 5 ന് നിഫ്റ്റി 19,400-ലെവലിലെത്തിയപ്പോള്‍ 300 ലക്ഷം കോടി രൂപയായി വിപണി മൂല്യം ഉയര്‍ന്നിരുന്നു. അതിനുശേഷം സൂചിക 16% ത്തിലധികം ഉയര്‍ന്ന് 22,623.90 എന്ന പുതിയ കൊടുമുടിയില്‍ എത്തിയിരിക്കുകയാണ്.
നേട്ടത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ അറിയാം
ആഗോള മുന്നേറ്റം
തൊഴിലവസരങ്ങള് വര്ധിച്ചത് യുഎസ് സൂചികകള് നേട്ടമാക്കി. നാസ്ദാക്കും എസ്ആന്ഡ്പി 500 സൂചികയും വെള്ളിയാഴ്ച ഒരു ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
പണനയ ചാലകങ്ങള്ക്കുപകരം സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റ സാധ്യതകളാണ് ഇത്തവണ നിക്ഷേപകര് പരിഗണിച്ചത്. ഹോങ്കോങ്, ടോക്കിയോ, സിഡ്നി, സിംഗപൂര്, തായ്പേയ് എന്നിവിടങ്ങളിലെ വിപണികളിലും അതിന്റെ പ്രതിഫലനമുണ്ടായി.
ക്രൂഡ് ഓയില്
തെക്കന് ഗാസയില്നിന്ന് കൂടുതല് സൈനികരെ ഇസ്രായേല് പിന്വലിക്കുകയും വെടിനിര്ത്തല് സംബന്ധിച്ച ചര്ച്ചകള് പുരോഗമിക്കുകയും ചെയ്തതോടെ അസംസ്കൃത എണ്ണവിലയില് നേരിയതോതിലെങ്കിലും കുറവുണ്ടായി. ബ്രന്റ് ക്രൂഡ് വില ബാരലിന് 90 ഡോളറില് താഴെയെത്തി.
വിദേശ നിക്ഷേപകര്
വിദേശ നിക്ഷേപകര് വന്കിട ഓഹരികള് വാങ്ങിക്കൂട്ടിയതാണ് നിഫ്റ്റിയിലെ മുന്നേറ്റത്തിന്റെ പ്രധാന ഘടകം. 35,000 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കഴിഞ്ഞ മാസം വിദേശ നിക്ഷേപ സ്ഥാപനങ്ങള് വാങ്ങിക്കൂട്ടിയത്. വെള്ളിയാഴ്ചയകാട്ടെ 1,700 കോടി രൂപയുടെ അറ്റ നിക്ഷേപകരുമായി. റീട്ടെയില് നിക്ഷേപകരും വിപണിയുടെ കരുത്തിനൊപ്പം നീങ്ങി.
പ്രവര്ത്തന ഫലം
പാദഫലങ്ങള് പുറത്തുവരുന്നതിന് മുന്നോടിയായി വരുമാന സൂചനകള് കമ്പനികള് പുറത്തുവിടാന് തുടങ്ങിയത് വിപണി നേട്ടമാക്കി. 2023-24 സാമ്പത്തിക വര്ഷം 20 ലക്ഷം യൂണിറ്റ് എയര്കണ്ടീഷണറുകള് വിറ്റഴിച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ഫോ എഡ്ജിന്റെ ഓഹരി വില ഒമ്പത് ശതമാനത്തോളം ഉയര്ന്നു.
മികച്ച വരുമാന വളര്ച്ച പ്രതീക്ഷിക്കാമെന്ന നൈകയുടെ അവകാശവാദവും തുണച്ചു. ഓഹരി വില ആറ് ശതമാനത്തോളം ഉയരാന് അതിടയാക്കി.
വരുമാന സീസണ്
മാര്ച്ച് 12ന് ടിസിഎസിന്റെ പ്രവര്ത്തന ഫലം പുറത്തുവരുന്നതോടെ നാലാം പാദത്തിലെ വരുമാന സീസണ് തുടക്കമാകും. അത് മുന്നില്കണ്ടാണ് നിക്ഷേപകരുടെ ഇപ്പോഴത്തെ നീക്കം.
ഓട്ടോ, ധനകാര്യ സേവനം തുടങ്ങിയ മേഖലകള് ശരാശരി 15 ശതമാനത്തിന് മുകളില് വാര്ഷിക വളര്ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.