മേയ് മാസത്തോടെ എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്ന് റിപ്പോർട്ട്

മേയ് മാസത്തോടെ എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്ന് റിപ്പോർട്ട്

March 22, 2024 0 By BizNews

ടുത്തിടെ പെട്രോൾ, ഡീസൽ വിലയിൽ ലഭിച്ച ഇളവുകൾ അധികനാൾ നീണ്ടേക്കില്ലെന്നു സൂചന. മേയോടെ ആഗോള എണ്ണ ആവശ്യകത സർവ്വകാല റെക്കോഡിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം.

ഒപെക്ക് പ്ലസിന്റെ ഉൽപ്പാദന നിയന്ത്രണവും, യുഎസ് ക്രൂഡ് ഇൻവെന്ററികളുടെ കുറവും, ചൈനയുടെ തിരിച്ചുവരവും കണക്കാക്കുമ്പോൾ നിലവിലെ ഡിമാൻഡ് വർധന വിലയിൽ കടുത്ത സമ്മർദം സൃഷ്ടിക്കും. ഇതോടകം ആഗോള വിപണിയിൽ എണ്ണവില വർധിക്കുന്ന പ്രവണത കാണിക്കുന്നു.

ആഗോള എണ്ണവില വർധിച്ചാൽ പ്രാദേശിക എണ്ണക്കമ്പനികളുടെ മേലുള്ള സമ്മർദം വർധിക്കും. ഇതു വില വർധനയിലേയ്ക്കു നയിക്കും. ഇക്കഴിഞ്ഞ വിലയിളവിന് മുമ്പു തന്നെ നഷ്ടം സഹിച്ചാണ് ഇന്ത്യൻ എണ്ണക്കമ്പനികൾ പെട്രോളും, ഡീസലും വിപണികളിൽ എത്തിക്കുന്നതെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നിട്ടും പെട്രോൾ, ഡീസൽ വിലകളിൽ രണ്ടു രൂപയുടെ കുറവ് പ്രഖ്യാപിക്കാനുള്ള കാരണം സർക്കാർ സമ്മർദമാണ്. കഴിഞ്ഞ കുറേ നാളുകളായി ഇന്ധനവില ഇളവുകൾ കാത്തിരിക്കുന്ന പൊതു സമൂഹത്തെ പ്രീതിപ്പെടുത്തുന്നതാണിത്.

അതേസമയം ഈ ഇളവു പ്രഖ്യാപനത്തിനു ശേഷവും ആഗോള എണ്ണവില കുതിക്കുകയാണ്. ഒരുവേള ആഗോള എണ്ണവില 90 ഡോളറിലേയ്‌ക്കെന്ന സൂചന വരെ വിപണികൾ നൽകിയിരുന്നു. എന്നാൽ 24 മണിക്കൂറിനിടെ എണ്ണവിലയിൽ നേരിയ കുറവുണ്ടായി.

ഇതിനു കാരണം യുഎസ് ഫെഡ് റിസർവ് യോഗമാണ്. നിലവിൽ നിരക്കുകളിൽ കുറവിന് സാധ്യതയില്ലെങ്കിലും, ഭാവി നിരക്കു കുറയ്ക്കൽ തന്ത്രമെന്തന്ന് അറിയാനാണ് കാത്തിരിപ്പ്. മൂന്നു നിരക്കു കുറയ്ക്കൽ എണ്ണ മുൻ പ്രഖ്യാപനം ഫെഡ് തുടരുമോയെന്നാണ് നിക്ഷേപകർ കാത്തിരിക്കുന്നത്.

നിലവിൽ ആഗോള വിപണിയിൽ ബ്രെന്റ് ക്രൂഡ് ബാരലിന 86.43 ഡോളറും, ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 81.68 ഡോളറുമാണ് വില.

യുക്രൈൻ ആക്രമണങ്ങളെ തുടർന്ന് റഷ്യൻ എണ്ണ റിഫൈനറികളുടെ പ്രവർത്തനങ്ങൾ തടസപ്പെട്ടതും, ഒപെക് പ്ലസ് ലക്ഷ്യങ്ങൾ നിറവേറ്റാൻ ഇറാഖ് എണ്ണ വിതരണം പരിമിതപ്പെടുത്തുന്നതും എണ്ണ വിലയിൽ വരും ദിവസങ്ങളിൽ പ്രതിഫലിക്കുമെന്നാണു വിലയിരുത്തൽ.

നിലവിലെ സാഹചര്യത്തിൽ പൊതു തെരഞ്ഞെടുപ്പു കഴിയുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിച്ചേക്കും. പ്രതിദിന ഇന്ധനവില മാറ്റ സംവിധാനം വീണ്ടും പ്രവർത്തനക്ഷമമായേക്കും.