കിലോമീറ്ററില്‍ 28 രൂപ വരുമാനമില്ലെങ്കില്‍ ട്രിപ് വേണ്ടെന്ന് കെഎസ്ആർടിസി
March 7, 2024 0 By BizNewsകണ്ണൂർ: ഒരുകിലോമീറ്ററിൽ ശരാശരി 28 രൂപ വരുമാനം കിട്ടുന്നില്ലെങ്കിൽ ട്രിപ്പ് നിർത്താൻ ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി.യുടെ നിർദേശം. എല്ലാ യൂണിറ്റ് ഓഫീസുകളിലേക്കും നിർദേശം കൈമാറിയിട്ടുണ്ട്.
ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കുറഞ്ഞ കളക്ഷനുള്ള കെ.എസ്.ആർ.ടി.സി. ട്രിപ്പുകൾ നിർത്തലാക്കുന്ന നടപടികൾ ആരംഭിച്ചതിനു പിന്നാലെയാണിത്.
പത്തനംതിട്ട റാന്നിയെയും കണ്ണൂർ കുടിയാന്മലയെയും ബന്ധിപ്പിക്കുന്ന ട്രിപ്പ് കെ.എസ്.ആർ.ടി. നിർത്തലാക്കിയത് കഴിഞ്ഞദിവസമാണ്. കണ്ണൂരിലേക്ക് എത്തുംമുൻപേ മിക്കപ്പോഴും ബസ് കാലിയാകുന്ന പതിവാണുള്ളതെന്നും കുടിയാന്മലയിൽനിന്ന് കണ്ണൂരിലേക്കു മാത്രമാണ് ബസിൽ ആളുകളെ കിട്ടുന്നതെന്നും അധികൃതർ പറഞ്ഞു.
കിലോമീറ്ററിൽ 28 രൂപ എങ്കിലും കിട്ടുമെങ്കിൽ ഡീസൽ കാശ് ലാഭിക്കാം എന്നാണ് പുതിയ നിർദേശത്തിന് കാരണമായി അധികൃതർ പറയുന്നത്. തിരുവനന്തപുരവും കൊല്ലവുമടക്കം പല ഡിപ്പോകളിലും നിർദദേശം നടപ്പാക്കിത്തുടങ്ങിയെന്നാണ് വിവരം.
നിശ്ചിത കളക്ഷൻ കിട്ടുന്നില്ലെങ്കിൽ ഒരുവശത്തേക്കുമാത്രം ബസിൽ ആളുണ്ടായിട്ടും കാര്യമില്ലാതാകും. ഇതോടെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണക്കാർക്ക് ആശ്രയമായ പല കെ.എസ്.ആർ.ടി.സി. ട്രിപ്പുകളും മുടങ്ങുമെന്ന ആശങ്കയുമുണ്ട്.
10, 12 കിലോമീറ്ററുകൾമാത്രം ഓടേണ്ടിവരുന്ന ട്രിപ്പുകളെയാകും നിർദേശം കൂടുതലായും ബാധിക്കുകയെന്ന് ജീവനക്കാർ പറയുന്നു. ഇതിന് ട്രിപ്പിന് ശരാശരി 280-336 രൂപ വരുമാനം വേണ്ടിവരും.