റെയിൽവേയുടെ പുതിയ എൽഎച്ച്ബി കോച്ചുകളുടെ നിർമ്മാണം രാജ്യമെങ്ങും ഊർജിതം

റെയിൽവേയുടെ പുതിയ എൽഎച്ച്ബി കോച്ചുകളുടെ നിർമ്മാണം രാജ്യമെങ്ങും ഊർജിതം

March 1, 2024 0 By BizNews

ചെന്നൈ: രാജ്യത്തെ എല്ലാ കോച്ച് ഫാക്ടറികളിലും എല്.എച്ച്.ബി. കോച്ചുകളുടെ നിര്മാണം ഊര്ജിതമാണെങ്കിലും കേരളത്തിലെ പ്രധാന തീവണ്ടികളിലുള്ളത് ഐ.സി.എഫിന്റെ പഴയ കോച്ചുകള്.

തിരുവനന്തപുരം ഡിവിഷനിലെ 1900 കോച്ചുകളില് ഏകദേശം 1000 കോച്ചുകളും ഐ.സി.എഫിന്റെ പഴയ കോച്ചുകളാണ്. പാലക്കാട് ഡിവിഷനുകളിലെ 600 കോച്ചുകളിലെ 300 കോച്ചുകളും പഴയവയാണ്.

പഴയ കോച്ചുകളുള്ള തീവണ്ടികളിലെ സ്ലീപ്പര് കോച്ചുകളിലെ ജനലുകള് അടയ്ക്കാനും തുറക്കാനും അത്ര എളുപ്പമല്ല. പല ഫാനുകളും പ്രവര്ത്തനരഹിതമാണ്. ശൗചാലയങ്ങളും വാഷ് ബേസിനുകളും വൃത്തിഹീനമാണ്. വൃത്തിയാക്കിയാലും കോച്ചുകളുടെ അവസ്ഥ മെച്ചപ്പെടാറില്ലെന്ന് യാത്രക്കാര് പറയുന്നു.

പെരമ്പൂര് ഇന്റഗ്രല് കോച്ച് ഫാക്ടറി (ഐ.സി.എഫ്), കപൂര്ത്തല കോച്ച് ഫാക്ടറി എന്നിവയില് നിര്മാണം പൂര്ത്തിയായ എല്.എച്ച്.ബി. കോച്ചുകള് ആവശ്യത്തിനുണ്ട്. റെയില്വേ ബോര്ഡിന്റെ നിര്ദേശമനുസരിച്ചാണ് റെയില്വേ ഡിവിഷനുകള്ക്ക് എല്.എച്ച്.ബി. കോച്ചുകളുള്ള തീവണ്ടി അനുവദിക്കുന്നത്.

കേരളസര്ക്കാരും എം.പി.മാരും ആവശ്യപ്പെട്ടാല് സംസ്ഥാനത്തെ പ്രധാന തീവണ്ടികള്ക്കെല്ലാം എല്.എച്ച്.ബി. കോച്ചുകള് അടങ്ങിയ റേക്കുകള് ലഭിക്കുമെന്നാണ് റെയില്വേ വൃത്തങ്ങള് പറയുന്നത്.

രാജ്യത്തെ പല ഡിവിഷനുകള്ക്കും എല്.എച്ച്.ബി. കോച്ചുകള് ലഭിക്കുന്നത് രാഷ്ട്രീയസമ്മര്ദത്തിലൂടെയാണ്.

“പഴയ കോച്ചുകള്ക്കുപകരം പുതിയ കോച്ചുകള് അനുവദിക്കണമെന്ന് ഡിവിഷനുകള് റെയില്വേ സോണുകളോടും സോണുകള് റെയില്വേ ബോര്ഡുകളോടും ആവശ്യപ്പെടുകയാണ് ഇപ്പോള് ചെയ്യുന്നത്.

എന്നാല്, ഇത്തരം നടപടിക്രമങ്ങളിലൂടെ പുതിയ കോച്ചുകള് അനുവദിക്കാന് കാലമേറെയെടുക്കും. ചിലപ്പോള് ആവശ്യം അനുവദിച്ചില്ലെന്നും വരും” -ദക്ഷിണ റെയില്വേ മെക്കാനിക്കല് വിഭാഗത്തിലെ ഉദ്യോഗസ്ഥര് പറഞ്ഞു.

റെയില്വേ ബോര്ഡില് കേരളസര്ക്കാരിനും എം.പി.മാര്ക്കും സ്വാധീനം ചെലുത്താനായില്ലെങ്കില് ഐ.സി.എഫിന്റെ പഴയ കോച്ചുകളുമായി കേരളത്തിലെ തീവണ്ടികള് ഇനിയും ഏറെക്കാലം യാത്ര തുടരേണ്ടിവരുമെന്നും യാത്രക്കാര് പറയുന്നു.