അച്ഛനില്‍ നിന്നും നവജാത ശിശുവിന് എച്ച്ഐവി ബാധിക്കാമെന്ന് പഠനം

അച്ഛനില്‍ നിന്നും നവജാത ശിശുവിന് എച്ച്ഐവി ബാധിക്കാമെന്ന് പഠനം

September 29, 2018 0 By

ലണ്ടന്‍: എയ്ഡ്സ് ബാധിതനായ അച്ഛനില്‍ നിന്ന് നവജാത ശിശുവിന് രോഗം ബാധിക്കാമെന്ന് പഠനം. അച്ഛന്റെ ത്വക്കിലെ സ്രവം കുട്ടിയുടെ ദേഹത്ത് പറ്റിയാല്‍ രോഗാണു പകരാനുള്ള സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. നാല് വയസ്സ് പ്രായമുള്ള കുട്ടിയ്ക്ക് എച്ച് ഐ വി ബാധ ഉണ്ടായത് സംബന്ധിച്ച അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. കുട്ടിയുടെ അമ്മ എയ്ഡ്സ് രോഗബാധിത അല്ലായിരുന്നു.

അച്ഛന്റെയും കുട്ടിയുടെയും ശരീരത്തിലെ അണുബാധയുടെ ഘടന, ജീന്‍ തുടങ്ങിയവ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഉറവിടം അച്ഛനാണെന്ന് മനസ്സിലായത്. വിശദമായ പരിശോധന ഇതിന് ആവശ്യമായി വന്നു. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ യൂണിവേഴ്സിറ്റിയാണ് ഇക്കാര്യത്തില്‍ ആവശ്യമായ ഗവേഷണങ്ങള്‍ നടത്തിയത്.

ചിക്കന്‍ പോക്സ് രോഗത്തിന് ഇക്കാലയളവില്‍ അച്ഛന്‍ ചികിത്സ തേടിയിരുന്നു. അപ്പോള്‍ ഉണ്ടായ ത്വക്കിലെ സ്രവമാണ് കുട്ടിയില്‍ രോഗത്തിന് കാരണമായത്. എടിപ്പിക്കല്‍ എച്ച്ഐവി അണുബാധ എന്ന വിഭാഗത്തിലാണ് ഇത് പെടുന്നത്.

അണുബാധ ഉള്ള അമ്മയില്‍ നിന്ന് മാത്രമാണ് സാധാരണ ഗതിയില്‍ കുട്ടിയ്ക്ക് രോഗം പിടിപെടുകയുള്ളൂ. എന്നാല്‍, കുട്ടിയുടെ ത്വക്ക് വളരെ നേര്‍ത്തതായതും എളുപ്പത്തില്‍ രോഗം ബാധിക്കാന്‍ സാധ്യതയുള്ള സാഹചര്യമായതിനാലുമാണ് ഇവിടെ രോഗ പ്രചരണം ഉണ്ടായത്.

2009ലാണ് കുട്ടി ജനിച്ചത്. 2013ലാണ് കുട്ടിയ്ക്ക് രോഗബാധ കണ്ടെത്തുന്നത്. അമ്മയില്‍ നിന്ന് കുട്ടികളിലേയ്ക്ക് പകരുന്ന എച്ച്‌ഐവി അണുബാധയെക്കുറിച്ച് ഇക്കാലയളവില്‍ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ചുരുക്കം ചില റിപ്പോര്‍ട്ടുകള്‍ അച്ഛന്‍-കുട്ടി അണുപ്രസരണം നടന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് വളരെയധികം ക്യാംപെയിനുകള്‍ നടന്നിട്ടുള്ള അസുഖമാണ് എയ്ഡ്സ്. ലോകം ഇതിനായി പ്രത്യേകം ദിനം തന്നെ ആചരിക്കുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ ഇന്ന് എച്ച്‌ഐവി നല്ല രീതിയില്‍ പ്രതിരോധിക്കാന്‍ സാധിച്ചിട്ടുണ്ട് എന്നു വേണം കരുതാന്‍. എന്നാല്‍, ഏറെ ദൂരം മുന്നോട്ട് പോകാനുണ്ട് എന്ന് ലോകാരോഗ്യ സംഘടനയുടെ അടക്കം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.