19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തി

19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ ഉയര്‍ത്തി

September 27, 2018 0 By

മുംബൈ: വര്‍ധിച്ചുവരുന്ന കറന്റ് അക്കൗണ്ട് കമ്മിക്ക് തടയിടാന്‍ 19 ഉത്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതിത്തീരുവ ഉയര്‍ത്തി. കറന്റ് അക്കൗണ്ട് കമ്മി കുറയ്ക്കുന്നതിനൊപ്പം രൂപയുടെ മൂല്യത്തകര്‍ച്ച കുറയ്ക്കുക കൂടിയാണ് ലക്ഷ്യം. വ്യാഴാഴ്ച മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നത്.

എയര്‍ കണ്ടീഷണറുകള്‍, കണ്‍സ്യൂമര്‍ ഉപകരണങ്ങള്‍, സ്പീക്കറുകള്‍, റഫ്രിജറേറ്ററുകള്‍, പാദരക്ഷകള്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ തുടങ്ങിയവയ്ക്കാണ് തീരുവ ഉയര്‍ത്തുന്നത്. എയര്‍ കണ്ടീഷണറുകള്‍, റഫ്രിജറേറ്ററുകള്‍, 10 കിലോഗ്രാമില്‍ താഴെയുള്ള വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ ഇരുപത് ശതമാനമായാണ് ഉയര്‍ത്തുന്നത്.

അതേസമയം സ്പീക്കറുകള്‍, സ്യൂട്ട്കെയ്സുകള്‍, യാത്രാ ബാഗുകള്‍, സിങ്ക്, ടേബിള്‍ വെയര്‍, കിച്ചണ്‍വെയര്‍ ഉത്പന്നങ്ങള്‍ക്ക് അടിസ്ഥാന കസ്റ്റംസ് തീരുവയുടെ മേല്‍ 50 ശതമാനം അധിക തീരുവയാണ് ചുമത്തുന്നത്. ജെറ്റുകള്‍ക്ക് ആവശ്യമായ വിമാന ഇന്ധനത്തിന് (എ.ടി.എഫ്.) അഞ്ചു ശതമാനം തീരുവയാകും ചുമത്തുക.

ഇറക്കുമതിത്തീരുവ ഉയര്‍ത്തുന്നതോടെ വിമാന യാത്രാ നിരക്ക് ഉയരുന്നതിനൊപ്പം വിദേശ നിര്‍മിത റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ വിലയും ഉയര്‍ന്നേക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി മൂല്യം 86,000 കോടി രൂപയായിരുന്നു. രൂപയുടെ മൂല്യം ഈ വര്‍ഷം 12 ശതമാനത്തിലധികം ഇടിഞ്ഞ സാഹചര്യത്തിലാണ് തീരുവ ഉയര്‍ത്തുന്നത്. ഏപ്രില്‍-ജൂണ്‍ പാദത്തിലെ കറന്റ് അക്കൗണ്ട് കമ്മി ജി.ഡി.പി.യുടെ 2.4 ശതമാനമായി വര്‍ധിച്ചിരുന്നു.