മണിക്കൂറില്‍ 160 കി.മീ.വേഗത; പുതിയ റോയല്‍ എന്‍ഫീല്‍ഡിന്റെ മോഡലുകള്‍ ഇന്ത്യയിലെത്തുന്നു
September 25, 2018ഏറ്റവും കരുത്തുറ്റ 650 സിസി എന്‍ജിനില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍, കോണ്ടിനെന്റല്‍ ജിടി എന്നീ രണ്ടു മോഡലുകള്‍ ഉടന്‍ ഇന്ത്യയിലെത്താനിരിക്കുകയാണ്. പതിവ് എന്‍ഫീല്‍ഡ് ബൈക്കുകളില്‍ നിന്ന് വ്യത്യസ്തമായി ഉയര്‍ന്ന വേഗത നല്‍കാന്‍ ഈ പുതിയ ഇരട്ടകള്‍ക്ക് സാധിക്കും. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായാന്‍ രണ്ട് മോഡലിനും സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
648 സിസി എയര്‍ കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് രണ്ട് മോഡലിനും കരുത്ത് പകരുന്നത്. 7100 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 4000 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. 2500 ആര്‍പിഎമ്മിനുള്ളില്‍ തന്നെ 80 ശതമാനം ടോര്‍ക്ക് (40 എന്‍എം) ഉത്പാദിപ്പിക്കാനും സാധിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്സ്.
25.5 കിലോമീറ്റര്‍ ഇന്ധനക്ഷമതയും വാഹനത്തില്‍ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 200 കിലോഗ്രാമിനുള്ളിലാണ് വാഹനത്തിന്റെ ആകെ ഭാരം. 2017 മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് 650 സിസി മോഡല്‍ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഗോവയില്‍ നടന്ന റൈഡര്‍ മാനിയ ഫെസ്റ്റില്‍ ഇന്ത്യയില്‍ വരവറിയിച്ചെങ്കിലും ലോഞ്ചിങ് വീണ്ടും നീണ്ടു പോവുകയായിരുന്നു. ഉടന്‍ വിപണിയിലെത്തുന്ന 650 മോഡലിന് 3.5-4 ലക്ഷത്തിനുള്ളിലായിരിക്കും ഇന്ത്യയിലെ വിപണി വില.