ഇന്ത്യന്‍ നിരത്തില്‍ 20വര്‍ഷം പിന്നിട്ട് ഹ്യൂണ്ടായി സാന്‍ട്രോ
September 24, 2018സൗത്ത് കൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ജൈത്രയാത്ര 20 വര്‍ഷം പിന്നിടുകയാണ്. 20 വര്‍ഷം മുമ്പ് 1998 സെപ്റ്റംബര്‍ 23-ന് സാന്‍ട്രോ നിരത്തിലെത്തിച്ചാണ് ഹ്യുണ്ടായി ഇന്ത്യയില്‍ യാത്ര ആരംഭിച്ചത്. എന്നാല്‍, 20 പൂര്‍ത്തിയാകും മുമ്പെ സാന്‍ട്രോ ഇന്ത്യന്‍ നിരത്തൊഴിയുകയായിരുന്നു.
1998-ല്‍ നിരത്തിലെത്തുമ്പോള്‍ മാരുതി സെന്‍ മാത്രമായിരുന്നു സാന്‍ട്രോയിക്ക് നേരിടേണ്ടിയിരുന്ന ഏക എതിരാളി. വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ തന്നെ പരസ്പരം കടുത്ത മത്സരം സമ്മാനിക്കാന്‍ ഈ മോഡലുകള്‍ക്ക് സാധിച്ചിരുന്നു. ഇന്ത്യന്‍ നിരുത്തുകള്‍ക്ക് പരിചയമില്ലാത്ത ഡിസൈനാണ് സാന്‍ട്രോയിക്ക് കരുത്ത് പകര്‍ന്നത്.
എന്‍ട്രി ലെവല്‍ വാഹനത്തില്‍ തന്നെ നിരവധി സൗകര്യങ്ങളുമായാണ് സാന്‍ട്രോ എത്തിയതെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. ഫോഗ് ലാമ്പ്, റിയര്‍ ഡിഫോഗര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഹെഡ്റെസ്റ്റ് എന്നീ സംവിധാനങ്ങള്‍ ഇന്ത്യയിലെ സാധാരണകാരനെ സംബന്ധിച്ച് പുതുമയായിരുന്നു.
ചെന്നൈയിലെ പ്ലാന്റില്‍ നിന്നാണ് ഹ്യുണ്ടായി സാന്‍ട്രോ പുറത്തെത്തിയിരുന്നത്. കൊറിയയ്ക്ക് പുറത്ത് ഹ്യുണ്ടായി നിര്‍മിച്ച ആദ്യ പ്ലാന്റ് എന്ന ഖ്യാതിയും ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിനായിരുന്നു. ഇവിടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്ന സാന്‍ട്രോയാണ് വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്.
ഇന്ത്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 18 ലക്ഷത്തോളം സാന്‍ട്രോ ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തിച്ചിട്ടുണ്ട്. ഹ്യുണ്ടായിയുടെ 80 ലക്ഷം എന്ന വില്‍പ്പനയ്ക്ക് വ്യക്തമായ പങ്കാളിത്തം വഹിക്കാന്‍ സാന്‍ട്രോയിക്ക് സാധിച്ചിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല.
1998-ല്‍ എത്തിയ സാന്‍ട്രോ 2003 ആയതോടെ സാന്‍ട്രോ സിങ് ആയി മാറുകയായിരുന്നു. ഈ പേരില്‍ പത്ത് വര്‍ഷത്തിലധികം വിപണിയില്‍ എത്തിയ വാഹനം 2014-ല്‍ വിപണിയില്‍ നിന്ന് പിന്‍വലിയുകയായുന്നു. എന്നാല്‍, 20-ാം വര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഈ വാഹനം മടങ്ങിയെത്തുന്നെന്നാണ് വിവരം.