ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടം, തിരിച്ചുകയറ്റത്തിന്റെ സൂചന നല്കി ഇക്വിറ്റി വിപണി
August 14, 2023 0 By BizNewsമുംബൈ:ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണി നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 79.27 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 65401.92 ലെവലിലും നിഫ്റ്റി 6.20 പോയിന്റ് അഥവാ 0.03 ശതമാനം ഉയര്‍ന്ന് 19434.50 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു.സെന്‍സെക്സ് ദിവസത്തെ താഴ്ചയായ 64821.88 ലെവലില്‍ നിന്ന് 580 പോയിന്റും നിഫ്റ്റി50 ഏറ്റവും താഴ്ന്ന നിലയായ 19257.90 ലെവലില്‍ നിന്നും 176 പോയിന്റും ഉയര്‍ന്നു.
ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ് നടത്തിയ വിപണി ആദ്യ പകുതിയില്‍ നെഗറ്റീവായി തുടരുകയായിരുന്നു. എന്നാല്‍ വൈകീട്ട് തിരിച്ചുകയറ്റത്തിന്റെ സൂചന പ്രകടിപ്പിച്ചു. അദാനി ഗ്രൂപ്പ് ഓഹരികളുടെ തകര്‍ച്ച വിപണിയെ ബാധിച്ചു.
അദാനി പോര്‍ട്ട്സിന്റെ ഓഡിറ്റര്‍ ഡിലോയിറ്റ് രാജി വച്ചതിനെ തുടര്‍ന്നാണ് ഗ്രൂപ്പ് ഓഹരികള്‍ കൂപ്പുകുത്തിയത്. കൂടാതെ ജൂലൈ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐ ടോളറന്‍സ് ബാന്‍ഡും കടന്ന് 7.44 ശതമാനത്തിലെത്തി. അതേസമയം ജൂലൈ വ്യാപാര കമ്മി 20.67 ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്.
നിഫ്റ്റിയില്‍ എല്‍ടിഐ, ഡിവിസ് ലാബ്സ്, ഇന്‍ഫോസിസ്, എച്ച്യുഎല്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയാണ് നേട്ടമുണ്ടാക്കിയത്. അദാനി എന്റര്‍പ്രൈസസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍ എന്നിവ നഷ്ടം നേരിട്ടു. മേഖലാടിസ്ഥാനത്തില്‍, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയും എഫ്എംസിജിയും ഒഴികെ മറ്റെല്ലാ സൂചികകളും നെഗറ്റീവ് നോട്ടിലാണവസാനിച്ചത്.
മെറ്റല്‍ സൂചിക ഏകദേശം 2 ശതമാനവും വൈദ്യുതി, റിയല്‍റ്റി, പൊതുമേഖലാ ബാങ്ക് എന്നിവ 0.5 ശതമാനം വീതവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതമാണ് പൊഴിച്ചത്.