അറ്റാദായം 17.58 ശതമാനം ഉയര്‍ത്തി ഐടിസി, വരുമാനം 7 ശതമാനം ഇടിഞ്ഞു

അറ്റാദായം 17.58 ശതമാനം ഉയര്‍ത്തി ഐടിസി, വരുമാനം 7 ശതമാനം ഇടിഞ്ഞു

August 14, 2023 0 By BizNews

ന്യൂഡല്‍ഹി: പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസി ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4902.74 കോടി രൂപയാണ് സ്റ്റാന്റലോണ്‍ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 17.58 ശതമാനം അധികം.

വരുമാനം അതേസമയം 7.2 ശതമാനം ഇടിവ് നേരിട്ട് 18320.16 കോടി രൂപയിലെത്തി. അറ്റാദായം പ്രതീക്ഷിച്ച തോതിലാണെങ്കിലും വരുമാനം പ്രതീക്ഷിച്ച തോതിലായില്ല. ബ്രോക്കറേജുകളില്‍ നടത്തിയ പോള്‍ പ്രകാരം യഥാക്രമം 4838.8 കോടി രൂപയും 17326 കോടി രൂപയുമായിരുന്നു കണക്കുകൂട്ടിയ അറ്റാദായവും വരുമാനവും.

ഇബിറ്റ 10.7 ശതമാനമുയര്‍ന്ന് 6250.1 കോടി രൂപയായപ്പോള്‍ ഇബിറ്റ മാര്‍ജിന്‍ 680 ബേസിസ് പോയിന്റുയര്‍ന്ന് 39.5 ശതമാനം. സ്റ്റേപ്പിള്‍സ്, ബിസ്‌കറ്റ്, നൂഡില്‍സ്, പാനീയങ്ങള്‍, പാല്‍, അഗര്‍ബത്തി, പ്രീമിയം സോപ്പുകള്‍ എന്നിവയുടെ പിന്തുണയില്‍ എഫ്്എംസിജി ശക്തമായ വളര്‍ച്ചയാണ് കാഴ്ചവച്ചത്. വരുമാനം 16.1 ശതമാനം ഉയര്‍ന്ന് 5000 കോടി രൂപയാകുകയായിരുന്നു.

സിഗരറ്റ് സെഗ്മന്റ് 10.9 ശതമാനം ഉയര്‍ന്നപ്പോള്‍ ഹോട്ടല്‍ ബിസിനസില്‍ 8.1 ശതമാനത്തിന്റെ വളര്‍ച്ച ദൃശ്യമായി. 6 പുതിയ ഹോട്ടലുകള്‍ ചേര്‍ക്കാനും കമ്പനിയ്ക്ക് സാധിച്ചു.മാത്രമല്ല, ഓഗസ്റ്റ് 14 ന് ചേര്‍ന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഹോട്ടല്‍ ബിസിനസിന്റെ ഡീമെര്‍ജര്‍ അംഗീകരിച്ചിട്ടുണ്ട്.