വിനിമയ നിരക്ക് വീണ്ടും 215 രൂപ കടന്നു
August 6, 2023മസ്കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗൾഫ് മേഖലയിലെ കറൻസികളുടെ വിനിമയ നിരക്ക് വർധിച്ചു. ഒമാനി റിയാലിന്റെ വിനിമയ നിരക്ക് വീണ്ടും 215 രൂപ കടന്നു. മാർച്ചിന് ശേഷം ആദ്യമായാണ് വിനിമയ നിരക്ക് വീണ്ടും ഉയർന്നിരിക്കുന്നത്. അമേരിക്കൻ ഡോളർ ശക്തി പ്രാപിച്ചതോടെയാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത്. ഒരു ഒമാനി റിയാലിന് 214.85 രൂപ എന്ന നിരക്കാണ് വെള്ളിയാഴ്ച ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയത്. വാരാന്ത്യ അവധി ദിനങ്ങൾ ആയതിനാൽ ഇതേ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിനിമയ നിരക്ക് ഉയരുന്നതും ഒമാനി റിയാലിന് കൂടുതൽ മൂല്യം കിട്ടുന്നതും പ്രവാസികൾക്ക് വലിയ ആശ്വാസമാകും. മാസത്തിന്റെ തുടക്കത്തിൽ ലഭിച്ച വർധിച്ച നിരക്ക് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ നിരവധിയാണ്.
രൂപ 214.00 കടന്നതോടെ പ്രവാസികൾ മണി എക്സ്ചേഞ്ചുകളിലേക്കെത്തുന്നത് വർധിച്ചു. അധിക തുക നാട്ടിലേക്ക് അയക്കാൻ സാധിച്ചതിന്റെ സന്തോഷം പ്രവാസികളിൽ പ്രകടമായിരുന്നു. ചിലർ മെച്ചപ്പെട്ട നിരക്കിനായി കാത്തിരിക്കുകയായിരുന്നു. വിനിമയ നിരക്ക് കൂടുന്നതിനനുസരിച്ച് എക്സ്ചേഞ്ചുകളിലെത്തുന്നതായി അധികൃതർ പറഞ്ഞു. എന്നാൽ, നിരക്ക് വരുംദിവസങ്ങളിൽ വീണ്ടും വർധിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവരും ഏറെയുണ്ട്.
അതേസമയം, രൂപയുടെ മൂല്യം പരിധി വിട്ട് ഇടിയുന്നത് വലിയ തിരിച്ചടിയാകും. ഇത് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് ഇടപെടുമെന്നാണ് കരുതുന്നത്. ഡോളർ ഇൻഡക്സിൽ ഉയർച്ച രേഖപ്പെടുത്തി. ഡോളർ ഇൻഡക്സ് ഉയർന്നാൽ സ്വാഭാവികമായും സ്വർണവില കുറയേണ്ടതാണ്. ഡോളറുമായി മത്സരിക്കുന്ന മറ്റു കറൻസികൾക്ക് വാങ്ങൽ ശേഷി കുറയുന്നതാണ് കാരണം. എന്നാൽ, ഇന്ത്യൻ വിപണിയിൽ സ്വർണത്തിന് തിരിച്ചടിയായത് രൂപയുടെ തകർച്ചയാണ്.
ഉയരുന്ന എണ്ണവിലയും ഇന്ത്യൻ രൂപയുടെ മൂല്യത്തിന് തിരിച്ചടിയായതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. യുക്രെയ്ൻ യുദ്ധം ആരംഭിച്ചശേഷം വിനിമയ നിരക്കിൽ വലിയ കുറവ് ഒരുഘട്ടത്തിലും ഉണ്ടായിട്ടില്ല.