വടക്കു-കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ എയർലൈൻ; ജെറ്റ്‍വിങ്സിന് കേന്ദ്രസർക്കാറിന്റെ അനുമതി

വടക്കു-കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ എയർലൈൻ; ജെറ്റ്‍വിങ്സിന് കേന്ദ്രസർക്കാറിന്റെ അനുമതി

June 14, 2023 0 By BizNews

ന്യൂഡൽഹി: വടക്കു-കിഴക്കൻ ഇന്ത്യയിൽ നിന്നുള്ള ആദ്യ എയർലൈനായ ജെറ്റ്‍വിങ്സിന് കേന്ദ്രസർക്കാറിന്റെ അനുമതി. വിമാന സർവീസുകൾ നടത്തുന്നതിന് സർക്കാറിൽ നിന്നും എൻ.ഒ.സി ലഭിച്ച വിവരം കമ്പനി അറിയിച്ചു. ഒക്ടോബർ മുതൽ സർവീസ് തുടങ്ങാനാണ് കമ്പനിയുടെ നീക്കം.

ഗുവാഹത്തിയിലാണ് വിമാന കമ്പനിയുടെ ആസ്ഥാനം. കേന്ദ്രസർക്കാർ പദ്ധതിയായ ഉഡാന് കീഴിൽ വടക്ക്-കിഴക്കൻ ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ സർവീസ് നടത്താനാണ് നീക്കം. ഡി.ജി.സി.എയിൽ നിന്നും എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് കൂടി ലഭിക്കുന്നതോടെ എത്രയും പെട്ടെന്ന് സർവീസ് തുടങ്ങാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആധുനിക വിമാനങ്ങൾ ഉപയോഗിച്ച് പ്രീമിയം ഇക്കണോമി സർവീസ് തുടങ്ങാനാണ് ജെറ്റ്‍വിങ്സിന്റെ പദ്ധതി.

ഉഡാൻ പദ്ധതിയിൽ സർവീസ് ആരംഭിക്കുന്നത് വഴി വടക്ക്-കിഴക്കൻ ഇന്ത്യയിലെ നഗരങ്ങളിലെ എയർ കണക്ടിവിറ്റിയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ജെറ്റ്‍വിങ്സ് എയർവേയ്സ് സി.ഇ.ഒ സഞ്ജീവ് നരേൻ പറഞ്ഞു. ഡി.ജി.സി.എയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് സർവീസ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും സി.ഇ.ഒ പറഞ്ഞു.