ഇന്ത്യ-റഷ്യ വ്യാപാരം: ഉയരുന്ന വ്യാപാര കമ്മി നിയന്ത്രിക്കാന്‍ വാണിജ്യമന്ത്രാലയത്തിന്റെ ഇടപെടല്‍

May 11, 2023 0 By BizNews

ന്യൂഡല്‍ഹി: റഷ്യയുമായുള്ള വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വാണിജ്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. കയറ്റുമതി വര്‍ദ്ധിപ്പിച്ച് കമ്മി കുറയ്ക്കുകയാണ് ലക്ഷ്യം. ഇതിനായി റഷ്യയ്ക്ക് വില്‍ക്കാന്‍ കഴിയുന്ന അധിക ഉത്പന്നങ്ങള്‍ കണ്ടെത്താന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളോട് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

റഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ സാധ്യതയുള്ള ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ മനസിലാക്കാന്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുകളുടെ പ്രതിനിധികള്‍ കഴിഞ്ഞ മാസം റഷ്യ സന്ദര്‍ശിച്ചിരുന്നു. 2022 ഏപ്രിലിനും 2023 ജനുവരിക്കും ഇടയില്‍ റഷ്യയുമായുള്ള ഇന്ത്യയുടെ വ്യാപാരക്കമ്മി 34.79 ബില്യണ്‍ ഡോളറാണ്. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ചരക്ക് ഇറക്കുമതി 2021-22 ലെ 9.87 ബില്യണ്‍ ഡോളറില്‍ നിന്ന് 2022-23 ല്‍46.3 ബില്യണ്‍ ഡോളറായി.

369 ശതമാനം വര്‍ദ്ധന. ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും ക്രൂഡ് ഓയിലാണ്. റഷ്യ-ഉക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ കിഴിവില്‍ ലഭ്യമായതിനെ തുടര്‍ന്നാണ് ഇന്ത്യ, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഇറക്കുമതി വര്‍ദ്ധിപ്പിച്ചത്.

2022 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ 25-ാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്ന റഷ്യ ഇപ്പോള്‍ ചൈനയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

രൂപയില്‍ വ്യാപാരം
വ്യാപാരകമ്മി ഉയരുന്ന സാഹചര്യത്തില്‍ വ്യാപാരം രൂപയില്‍ തീര്‍ക്കാനുള്ള ചര്‍ച്ചകള്‍ മന്ദീഭവിച്ചു. രൂപയുടെ സമാഹരണം ‘അഭികാമ്യമല്ല’ എന്ന് റഷ്യ കരുതുന്നു.

വ്യാപാര വിടവ് വലിയതോതിലായതിനാല്‍ പ്രതിവര്‍ഷം 40 ബില്യണ്‍ ഡോളറിലധികം രൂപ മോസ്‌ക്കോയ്ക്ക് മിച്ചം വരും. രൂപ പൂര്‍ണ്ണമായും കണ്‍വേര്‍ട്ടബിളല്ലാത്തതും ആഗോളകയറ്റുമതിയില്‍ ഇന്ത്യയുടെ വിഹിതം 2 ശതമാനം മാത്രമായതും രൂപ കൈവശം വയ്ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കുന്നു.

റഷ്യയില്‍ നിന്ന് വിലകുറഞ്ഞ എണ്ണയും കല്ക്കരിയും വാങ്ങുന്ന ഇന്ത്യന് ഇറക്കുമതിക്കാര്ക്ക് തീരുമാനം തിരിച്ചടിയാണ്.രൂപയിലുള്ള ഇടപാട് വഴി കറന്‍സി പരിവര്‍ത്തന ചെലവ് കുറയ്ക്കാമെന്ന് അവര്‍ കരുതുന്നു.