അറ്റാദായം 292 കോടി രൂപയായി കുറഞ്ഞു, തിരിച്ചടിയേറ്റ് ഡാബര്‍ ഓഹരി
May 4, 2023 0 By BizNewsന്യൂഡല്‍ഹി: ആഭ്യന്തര എഫ്എംസിജി പ്രമുഖരായ ഡാബര്‍ ഇന്ത്യ നാലാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 292.7 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 0.5 ശതമാനം കുറവ്.
വരുമാനം 6.4 ശതമാനം വര്‍ധിച്ച് 2,677.8 കോടി രൂപയായിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍, ഡാബര്‍ ഇന്ത്യയുടെ ഏകീകൃത വരുമാനം 11,000 കോടി രൂപ കടന്ന് 11,529.9 കോടി രൂപയായി. എബിറ്റ 9.6 ശതമാനം ഇടിഞ്ഞ് 410 കോടി രൂപയായപ്പോള്‍ പ്രവര്‍ത്തന മാര്‍ജിന്‍18 ശതമാനത്തില്‍ നിന്ന് 15.3 ശതമാനമായി കുറഞ്ഞു.
പണപ്പെരുപ്പം വിലവര്‍ധനവിലൂടെ ലഘൂകരിച്ചതായി കമ്പനി അറിയിക്കുന്നു. 6 ശതമാനം വിലവര്‍ധനവാണ് വരുത്തിയത്. വിലക്കയറ്റത്തിന്റെ ആഘാതം കുറയ്ക്കുന്നതിന് ഉപഭോക്തൃ പ്രമോഷനുകള്‍ വാഗ്ദാനം ചെയ്യേണ്ടിവന്നു. 15.8 ശതമാനം വിപണി വിഹിതവുമായി ഓറല്‍ കെയര്‍ സെഗ്മെന്റില്‍ രാജ്യത്തെ രണ്ടാം സ്ഥാനക്കാരായി.
മാത്രമല്ല, ഹെയര്‍ ഓയില്‍ ബിസിനസ്സ് 130 ബേസിസ് പോയിന്റ് നേട്ടത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വിപണി വിഹിതമായ 17 ശതമാനത്തിലേക്ക് ഉയര്‍ന്നു.
ഫുഡ് ആന്‍ഡ് ബിവറേജസ് ബിസിനസ്സ് ഈ വര്‍ഷം 30 ശതമാനം വളര്‍ന്നു.
2.70 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാനും കമ്പനി തയ്യാറായിട്ടുണ്ട്. 1.55 ശതമാനം ഇടിവില്‍ 529.60 രൂപയിലാണ് ഡാബര്‍ ഓഹരി ക്ലോസ് ചെയ്തത്.