അടുക്കള സൂപ്പര്‍സ്റ്റാര്‍ മല്ലിയില കൃഷി

അടുക്കള സൂപ്പര്‍സ്റ്റാര്‍ മല്ലിയില കൃഷി

September 18, 2018 0 By

മലയാളികളുടെ അടുക്കളയിലെ സൂപ്പര്‍സ്റ്റാറാണ് മല്ലിയില. അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലം വേണം മല്ലിച്ചെടി നടുന്നതിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. മണ്ണ് നന്നായി ഒരുക്കിയതിനുശേഷം വേണം വിത്ത് പാകാന്‍. വിത്തു നേരിട്ട് പാകാം. നമ്മുടെ കാലാവസ്ഥയില്‍ ഇതു വര്‍ഷം മുഴുവന്‍ വളര്‍ത്താന്‍ പറ്റിയതാണ്. മല്ലിച്ചെടിക്കു വേണ്ടത് ഇളം ചൂടുള്ള സൂര്യ പ്രകാശം ആണ്. രാവിലെയും വൈകുന്നേരവും മാത്രം വെയില്‍ കിട്ടുന്ന സ്ഥലം തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ നല്ലത്. മണ്ണ് നന്നായി കിളച്ച് അതിലെ കല്ലും മറ്റു പാഴ് വസ്തുക്കളും നീക്കം ചെയ്യുകയാണ് ആദ്യം വേണ്ടത്. മണ്ണില്‍ ചാണകം, പച്ചില എന്നിവ അടി വളമായി നല്‍കാം. മുമ്പ് രാസവളം ഉപയോഗിച്ച മണ്ണ് ആണെങ്കില്‍ കുറച്ച് കുമ്മായം ചേര്‍ക്കുന്നത് നല്ലതാണ്.

വിത്തു മുളയ്ക്കാന്‍ രണ്ടാഴ്ച മുതല്‍ നാലാഴ്ച വരെ സമയമെടുക്കും. വിത്ത് ഒന്നോ രണ്ടോ ദിവസം കുതിര്‍ത്തതിനു ശേഷം നടുന്നതാണ് നല്ലത്. മണ്ണില്‍ വിത്ത് ഇടാന്‍ പാകത്തിന് കാല്‍ ഇഞ്ച് വലിപ്പത്തില്‍ ചെറിയ കുഴിയുണ്ടാക്കി ആറിഞ്ച് അകലത്തില്‍ വേണം വിത്ത് പാകാന്‍. വിത്തിനെ ചകിരി ചോറോ നനഞ്ഞ മണ്ണോ കൊണ്ട് മൂടണം. വരികള്‍ തമ്മില്‍ അര അടി അകലം വേണം. അല്ലെങ്കില്‍ വിത്ത് മണ്ണിന്റെ മുകളില്‍ ഒരേ തരത്തില്‍ പരക്കുന്ന രീതിയില്‍ വിതറാം. വിത്തിന് മുകളില്‍ കാല്‍ ഇഞ്ചു കനത്തില്‍ ചകിരി ചോറോ നനുത്ത മണ്ണോ കൊണ്ട് മൂടണം. വെള്ളം സ്‌പ്രേ ചെയ്യണം. നനക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. മുളച്ചു രണ്ടിഞ്ചു ഉയരം വന്നാല്‍ വളം കൊടുക്കാന്‍ തുടങ്ങാം. വെള്ളത്തില്‍ അലിയുന്ന നൈട്രജന്‍ വളങ്ങളാണ് നല്ലത്. വളം ഒരിക്കലും അധികമാകരുത്, അധികമായാല്‍ ഇലയുടെ മണം കുറയും. നേര്‍പ്പി ച്ച ചാണക വെള്ളം മാത്രം ഒഴിച്ചാലും മതി. ഏറ്റവും നല്ലത് ഫിഷ് അമിനോ ആസിഡ് ആണ്. അതൊരിക്കല്‍ മാത്രമേ കൊടുക്കാവൂ. കട്ടി കൂടിയ മിശ്രിതങ്ങള്‍ ഒഴിവാക്കുക. ചെടി കുറച്ചു വലുതായാല്‍ പിന്നെ നനക്കുന്നത് കുറക്കണം. ചെടി നാലോ ആറോ ഇഞ്ചു ഉയരം വെച്ചാല്‍ അടിഭാഗത്തുള്ള ഇലകളോ ചെറിയ ചില്ലകളോ നുള്ളി എടുക്കാം. ഇല നുള്ളിയാല്‍ മാത്രമേ അത് വേഗം വളരൂ എന്ന് ഓര്‍മിക്കുക. രണ്ടു മൂന്നു ആഴ്ച കൂടുമ്പോള്‍ ഇങ്ങനെ ഇല നുള്ളാം. ഇവയുടെ തീക്ഷണ ഗന്ധം കൊണ്ട് കീടശല്യം പൊതുവേ കുറവാണ്.