ഏത് കൊടും വരള്‍ച്ചയിലും വരുമാനം വര്‍ധിപ്പിക്കാന്‍ കറ്റാര്‍വാഴ
September 18, 2018തരിശുകിടക്കുന്ന കല്ലും പാറകളും നിറഞ്ഞ വരണ്ടഭൂമിയിലും മണല്‍നിറഞ്ഞ ഭൂമിയിലും വരുമാനം ഉറപ്പിക്കാനൊരു കൃഷിയുണ്ട് കറ്റാര്‍വാഴ.ഏതുതരം മണ്ണിലും കറ്റാര്‍വാഴ വളരും. മണ്ണായാലും കല്ലും പാറകളും നിറഞ്ഞ പൊരിമണ്ണായാലും കറ്റാര്‍വാഴ നന്നായി വളരും. വളരെ കുറച്ച് മണ്ണു മാത്രമേ ഈ കൃഷിക്ക് വേണ്ടു. ഏത് കൊടും വരള്‍ച്ചയിലും കറ്റാര്‍വാഴ വളരും. ഇടവിളയായും തനിവിളയായും ഇത് കൃഷിചെയ്യാം. എന്നാല്‍ തണുത്ത കാലാവസ്ഥയിലും മഞ്ഞുമൂടിയ കാലാവസ്ഥയിലും കറ്റാര്‍വാഴ പ്രായോഗികമല്ല.
കറുത്ത മണ്ണാണ് കൃഷിക്ക് അനുയോജ്യം. മണ്ണിന്റെ പിഎച്ച് മൂല്യം 8.5 വരെ ഉയര്‍ന്ന മണ്ണില്‍പ്പോലും ഈ സസ്യം നന്നായി വളരും. ആയുര്‍വേദ, ഹോമിയോ മരുന്ന് നിര്‍മാണത്തിനാണ് കറ്റാര്‍വാഴ ഉപയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ പോളയാണ് മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്നത്. കറ്റാര്‍വാഴയുടെ പോളയില്‍ അടങ്ങിയിട്ടുള്ള 16 ഘടകങ്ങളാണ് വിവിധ മരുന്നുനിര്‍മാണത്തിനായി ഉപയോഗിക്കുക.
ഒരേക്കര്‍ ഭൂമിയില്‍ കൃഷിചെയ്യാന്‍ 15,000 കന്നുകള്‍ വേണ്ടിവരും. 60 സെ.മി അകലത്തിലാണ് തൈകള്‍ നടേണ്ടത്. കറ്റാര്‍വാഴയുടെ ചുവട്ടില്‍നിന്ന് ചിനപൊടി വളരുന്ന കന്നുകളാണ് ഏറ്റവും ഉചിതം. മണ്ണിനടിയിലെ വേരുകാണ്ഡവും നടീല്‍വസ്തുവായി ഉപയോഗിക്കാം.
പതിനഞ്ച് ടണ്‍ കാലിവളം ഒരേക്കറില്‍ അടിവളമായി ഉപയോഗിക്കാന്‍ വേണ്ടിവരും. കാര്യമായ രോഗകീട ആക്രമണം ഉണ്ടാകാറില്ല. നട്ട് 12 മാസം കഴിയുമ്പോള്‍ മുതല്‍ പോള മുറിച്ചെടുത്തുതുടങ്ങാം. ഒരേസമയം നാല് പോളവരെ ലഭിക്കും. ഒരുവര്‍ഷം മൂന്നുതവണ പോള മുറിച്ചെടുക്കാം. ഒരേക്കറില്‍നിന്ന് നാല് ടണ്‍വരെ പോള ലഭിക്കും. അഞ്ചുവര്‍ഷംവരെ ഒരേ ചെടിതന്നെ വിളവെടുപ്പിനായി ഉപയോഗിക്കാം. ഓരോ തവണ പോള മുറിച്ചെടുക്കുമ്പോഴും കാലിവളം ചേര്‍ക്കുകയും മണ്ണ് കയറ്റിക്കൊടുക്കുകയും വേണം. പോള മുറിച്ചെടുക്കുന്നത് അതിരാവിലെയോ വൈകിട്ടോ മാത്രമേ ചെയ്യാവു.
കറ്റാര്‍വാഴയുടെ നടീല്‍വസ്തുക്കള്‍ കേരളത്തില്‍ ലഭ്യമാണ്. പക്ഷെ കൂടുതല്‍ തൈ ആവശ്യമുള്ളവര്‍ നേരത്തെ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കണം.കോട്ടക്കല്‍ ആര്യവൈദ്യശാല, നാഗാര്‍ജുന ഹെര്‍ബല്‍ കോണ്‍സെന്‍ട്രേറ്റ്, കലയന്‍താനി, മെഡിസിനല്‍ പ്‌ളാന്റ് റിസര്‍ച്ച് സ്റ്റേഷന്‍ ഓടക്കാലി എന്നിവിടങ്ങളില്‍ കറ്റാര്‍വാഴക്കന്നുകള്‍ ലഭ്യമാണ്.