വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു

വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു

April 26, 2025 0 By BizNews

ന്ത്യൻ വിപണിപ്രവേശനത്തിനായി ടെസ്ല മടിച്ചുനില്‍ക്കുന്നതിനിടെ ആഗോളവിപണിയില്‍ ടെസ്ലയുടെ എതിരാളികളായി കണക്കാക്കുന്ന വിൻഫാസ്റ്റ് ഇന്ത്യയില്‍ അസംബ്ലിങ് തുടങ്ങാനൊരുങ്ങുന്നു.

ജൂണോടെ തമിഴ്നാട്ടില്‍ പുതിയ അസംബ്ലിങ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിടുന്നതായി വിൻഫാസ്റ്റ് സിഇഒ ഫാം നോട് വ്യോങ് വ്യക്തമാക്കി. വിയറ്റ്നാമില്‍നിന്നുള്ള വൈദ്യുതവാഹന നിർമാതാക്കളായ കമ്പനി ഇതുവരെ അമേരിക്കൻ വിപണിയിലാണ് ശ്രദ്ധകേന്ദ്രീകരിച്ചിരുന്നത്. കാനഡ, യൂറോപ്പ് എന്നിവിടങ്ങളിലും കമ്പനി സാധ്യതകള്‍ തേടിയിരുന്നു.

അമേരിക്കയുടെ പുതിയ താരിഫ് നയത്തിലെ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ പുതിയ വിപണികളില്‍ സാധ്യത തേടാനാണ് കമ്പനി തീരുമാനം. അമേരിക്ക, കാനഡ, യൂറോപ്പ് വിപണികളില്‍ വില്‍പ്പന ഉയർത്താൻ ശ്രമംവേണ്ടെന്ന നിലപാടിലാണ് വിൻഫാസ്റ്റ്.

പകരം ഇന്ത്യ, ഇൻഡൊനീഷ്യ, ഫിലിപ്പീൻസ് വിപണികളില്‍ പ്രവർത്തനം വിപുലീകരിക്കാനാണ് നീക്കം. ഇന്ത്യക്കുപുറമേ ഇൻഡൊനീഷ്യയിലും അംസംബ്ലിങ് വേഗത്തിലാക്കും.

2025 ഭാരത് മൊബിലിറ്റി എക്സ്പോയിലാണ് വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്‌ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് ഇന്ത്യയിൻ വാഹനങ്ങള്‍ പ്രദർശനത്തിന് എത്തിക്കുന്നത്.

വിൻഫാസ്റ്റ് ഇന്റർനാഷണല്‍ മാർക്കറ്റില്‍ എത്തിച്ചിട്ടുള്ള ഒട്ടുമിക്ക മോഡലുകളും ഇലക്‌ട്രിക് ഇരുചക്ര വാഹനങ്ങളുടെ കണ്‍സെപ്റ്റുകളും ഭാരത് മൊബിലിറ്റി എക്സ്പോയിലെ വിൻഫാസ്റ്റ് പവലിയനില്‍ നിരന്നിരുന്നു.

എന്നാല്‍, വി.എഫ്.7, വി.എഫ്.6 എന്നീ എസ്യുവി മോഡലുകളായിരിക്കും ആദ്യമെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതില്‍ വിഎഫ് 7 അഞ്ച് സീറ്റർ ഇലക്‌ട്രിക് എസ്യുവി. ശ്രേണിയിലേക്കായിരിക്കും അവതരിപ്പിക്കുക. ക്രോസ്‌ഓവർ സിലുവേറ്റില്‍ ഒരുങ്ങുന്ന ഈ വാഹനത്തിന്റെ ഡിസൈൻ വി പാറ്റേണ്‍ അടിസ്ഥാനമാക്കിയുള്ളതാണ്.

ഇക്കോ, പ്ലസ് എന്നീ രണ്ട് വേരിയന്റുകളിലാണ് വി.എഫ്.7 വിദേശ വിപണികളില്‍ എത്തിയിരിക്കുന്നത്. 75.3 കിലോവാട്ട് ബാറ്ററിപാക്കാണ് ഈ മോഡലില്‍ നല്‍കിയിട്ടുള്ളത്. ഇതിന്റെ ഇക്കോ പതിപ്പില്‍ 450 കിലോമീറ്റർ റേഞ്ചും പ്ലസ് പതിപ്പില്‍ 431 കിലോമീറ്റർ റേഞ്ചുമാണ് ഉറപ്പാക്കുന്നത്.

ഇലക്‌ട്രിക് മിഡ്-സൈസ് എസ്യുവി ശ്രേണിയിലേക്കായിരിക്കും വിഎഫ് 6 എത്തുന്നത്. ഇക്കോ, പ്ലസ് എന്നീ വേരിയന്റുകളില്‍ തന്നെയാണ് വിഎഫ് 6-ഉം എത്തുന്നത്. ഇക്കോ വേരിയന്റ് 399 കിലോമീറ്റർ റേഞ്ച് നല്‍കുന്ന 59.6 കിലോവാട്ട് ബാറ്ററി പാക്കാണ് നല്‍കിയിരിക്കുന്നത്.

ഇതിലെ മോട്ടോർ 178 എച്ച്‌.പി. പവറും 250 എൻ.എം. ടോർക്കുമാണ് നല്‍കുന്നത്. പ്ലസ് വേരിയന്റില്‍ റേഞ്ച് 381 കിലോമീറ്ററായി കുറയുന്നുണ്ട്. എന്നാല്‍, കൂടുതല്‍ കരുത്തേറിയ പതിപ്പാണ് പ്ലസ് വേരിയന്റ്.

204 എച്ച്‌.പി. പവറും 310 എൻ.എം. ടോർക്കുമാണ് ഇതിലെ ഇലക്‌ട്രിക് മോട്ടോർ ഉത്പാദിപ്പിക്കുന്നത്.