ബിവൈഡി കമ്പനിയുടെ പ്ലാന്റിന് ഇന്ത്യ അനുമതി നിഷേധിച്ചു

ബിവൈഡി കമ്പനിയുടെ പ്ലാന്റിന് ഇന്ത്യ അനുമതി നിഷേധിച്ചു

April 10, 2025 0 By BizNews

ഹൈദരാബാദ്: നിക്ഷേപകർക്ക് ഇന്ത്യ സുസ്വാഗതം പറയുമ്പോഴും ചൈനീസ് കമ്പനികളോട് അതല്ല സമീപനം. ഇപ്പോഴിതാ ഇന്ത്യയില്‍ നിർമാണ പ്ലാന്റ് തുടങ്ങാനുള്ള ചൈനീസ് വാഹന നിർമാതാക്കളായ ബിവൈഡി പദ്ധതിയും സർക്കാർ വെട്ടി.

അമേരിക്കൻ ഇലക്‌ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുകയും നിർമാണ പ്ലാന്റ് ആരംഭിക്കുന്നതിനുള്ള എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാല്‍, ബിവൈഡി ഇന്ത്യയില്‍ തത്കാലം നിർമാണ പ്ലാന്റ് ആരംഭിക്കേണ്ടെന്നാണെന്നാണ് സർക്കാർ നിലപാടെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് വിലയിരുത്തലുകള്‍.

ചൈനീസ് കമ്ബനിയായ ബിവൈഡി രാജ്യത്തെ നിയമങ്ങള്‍ പാലിക്കുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇന്ത്യൻ വിപണിയിലേക്ക് ആരെയൊക്കെ അനുവദിക്കണമെന്നതും അതില്‍ പാലിക്കേണ്ട ജാഗ്രതയും നമ്മുടെ ഉത്തരവാദിത്വമാണ്.

അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യത്തില്‍ ബിവൈഡിക്ക് പ്ലാന്റ് തുടങ്ങാനുള്ള അനുമതി നല്‍കാൻ കഴിയില്ലെന്നാണ് മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചിരിക്കുന്നത്. സർക്കാർ നിലപാടുകളെ സ്വാധീനിക്കുന്ന പല കാരണങ്ങള്‍ ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2024-ല്‍ ഇന്ത്യയില്‍ 100 കോടി ഡോളറിന്റെ നിക്ഷേപം നടത്താൻ ബിവൈഡി സന്നദ്ധത അറിയിച്ചിരുന്നു. ആഭ്യന്തര കമ്ബനികളുമായി സഹകരിച്ചുള്ള നിക്ഷേപത്തിനായിരുന്നു ബിവൈഡി താത്പര്യം അറിയിച്ചത്.

എന്നാല്‍, നയപരമായ കാരണങ്ങളും രാജ്യസുരക്ഷയും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസർക്കാർ ഈ വാഗ്ദാനം നിരസിച്ചത്. ഇന്ത്യയില്‍ നിക്ഷേപം നടത്താൻ സന്നദ്ധരായ ഗ്രേറ്റ് വാള്‍ മോട്ടോഴ്സ് എന്ന കമ്പനിക്കും സമാനമായ സാഹചര്യം നേരിട്ടിരുന്നു.

ബിവൈഡിയുടെ നിക്ഷേപത്തിന് ചുവപ്പ് സിഗ്നല്‍ കാണിച്ച കേന്ദ്ര സർക്കാർ പക്ഷേ ഇലോണ്‍ മസ്കിന്റെ ടെസ്ലയുടെ വരവിനെ പരവതാനി വിരിച്ചാണ് സ്വാഗതം ചെയ്യുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ടെസ്ല ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കുന്നതിന് താത്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, 2025-ലാണ് ഇതിനുള്ള വഴികള്‍ തെളിയുന്നത്.

ഇതേതുർന്ന് ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹിയിലും മുംബൈയിലും ഓഫീസുകള്‍ തുറക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.