ബെംഗളൂരുവില്‍ സുസുക്കി കാറുകള്‍ നിര്‍മ്മിച്ചു നല്കാന് ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ ഒരുങ്ങുന്നു
September 17, 2018ബെംഗളൂരുവിലെ ശാലയില്‍ സുസുക്കി കാറുകള്‍ നിര്‍മ്മിച്ചു നല്കാന് ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍(ടി കെ എം) ഒരുങ്ങുന്നു. സുസുക്കിയും ടൊയോട്ടയും പരസ്പര സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണു ടി കെ എമ്മിന്റെ ബിദഡി ശാലയില്‍ ലഭ്യമായ അധിക ഉല്‍പ്പാദനശേഷി സുസുക്കി പ്രയോജനപ്പെടുത്തുന്നത്. നിലവില്‍ എന്‍ട്രി ലവല്‍ സെഡാനായ ‘എത്തിയോസും’ ഹാച്ച്ബാക്കായ ‘എത്തിയോസ് ലിവ’യുമാണു ടി കെ എം ബിദഡിയില് നിര്‍മിക്കുന്നത്. ഈ ശാലയില്‍ സുസുക്കിയുടെ കാറുകള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള സാധ്യതാപഠനം പുരോഗമിക്കുകയാണെന്നാണു സൂചന.
ടി കെ എമ്മിന്റെ രണ്ടാം ശാലയുടെ ഉല്‍പ്പാദനശേഷിയുടെ ഒരു വിഹിതം മാത്രമാണു കമ്പനി നിലവില്‍ വിനിയോഗിക്കുന്നത്. അവശേഷിക്കുന്ന ഉല്‍പ്പാദന സൗകര്യം സുസുക്കിക്കായി പ്രയോജനപ്പെടുത്താനാണു കമ്പനിയുടെ നീക്കം. ഹരിയാനയിലെ മനേസാറിലും ഗുരുഗ്രാമിലും മാരുതി സുസുക്കിക്കും ഗുജറാത്തിലെ ഹന്‍സാല്‍പൂരില്‍ സുസുക്കി മോട്ടോര്‍ കോര്‍പറേഷനും നിര്മാണശാലകളുണ്ടെങ്കിലും മാരുതി സുസുക്കിയുടെ ജനപ്രിയ മോഡലുകള്‍ ലഭിക്കാനുള്ള നീണ്ട കാത്തിരിപ്പ് തുടരുകയാണ്. ഈ സാഹചര്യത്തിലാണ് ടൊയോട്ടയുടെ സൗകര്യം പ്രയോജനപ്പെടുത്തി അധിക ഉല്‍പ്പാദനം കൈവരിക്കാന്‍ സുസുക്കി തയാറെടുക്കുന്നത്. ആദ്യ ഘട്ടമെന്ന നിലയില്‍ ഇരുകമ്പനികളുടെയും മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ പങ്കാളിയുടെ നിര്‍മാണശാലകള്‍ സന്ദര്‍ശിച്ചു ഗുണനിലവാര പരിശോധന നടത്തിയിരുന്നു.
പങ്കാളികളുടെ മോഡലുകള്‍ ബാഡ്ജ് എന്‍ജിനീയറിങ് വ്യവസ്ഥയില്‍ നിര്‍മ്മിച്ചു വില്ക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ മാര്‍ച്ചിലാണു സുസുക്കിയും ടൊയോട്ടയും ധാരണാപത്രം ഒപ്പിട്ടത്. ഇതോടെ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും കോംപാക്ട് സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ ‘വിറ്റാര ബ്രേസ’യുമാണു ടൊയോട്ട ബാഡ്ജില് വില്‍പ്പനയ്ക്കെത്തുക. സുസുക്കിയാവട്ടെ ടൊയോട്ട ശ്രേണിയിലെ സെഡാനായ ‘കൊറോള’ നിര്‍മ്മിച്ചു മാരുതി സുസുക്കിയുടെ ബ്രാന്‍ഡില്‍ വില്‍ക്കാനാണു തയാറെടുക്കുന്നത്.