കേന്ദ്ര ബജറ്റിലെ പ്രധാന ആദായ നികുതി പരിഷ്കാരങ്ങൾ
February 1, 2025ന്യൂഡൽഹി: കേന്ദ്രധനമന്ത്രി അവതരിപ്പിച്ച ബജറ്റിലെ പ്രധാന നികുതി പരിഷ്കാരങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
- മുതിർന്ന പൗരന്മാർക്ക് പലിശയിന്മേൽ നികുതിയിളവിന്റെ പരിധി 50,000 രൂപയിൽനിന്ന് ലക്ഷമാക്കി.
- വാടകയുടെ ടി.ഡി.എസിനുള്ള വാർഷിക പരിധി 2.40 ലക്ഷം രൂപയിൽനിന്ന് ആറ് ലക്ഷമാക്കി.
- ഏത് അസസ്മെൻറ് വർഷത്തേയും പുതുക്കിയ റിട്ടേണുകൾ സമർപ്പിക്കാനുള്ള സമയപരിധി നിലവിലെ രണ്ട് വർഷത്തിൽനിന്ന് നാല് വർഷമായി ഉയർത്തി.
- വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി അടക്കുന്ന പണത്തിന് സ്രോതസ്സിൽ (ടി.സി.എസ്) ശേഖരിക്കുന്ന നികുതി ഒഴിവാക്കും. ഇതിന് വിദ്യാഭ്യാസ വായ്പ നിർദിഷ്ട സാമ്പത്തിക സ്ഥാപനങ്ങളിൽനിന്നായിരിക്കണം.
- സ്വന്തമായി രണ്ട് വീടുള്ളവർക്കും ഇനി നികുതി ഇളവിന് അർഹത. നിലവിൽ ഒരു വീടിന് മാത്രമാണ് ഇളവ്. രണ്ടാമത്തെ വീടിന്റെ സാങ്കൽപിക വാടക വരുമാനത്തിനുള്ള നികുതി ഒഴിവാക്കി
- ആർ.ബി.ഐയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീമിന് കീഴിൽ പണമടക്കലിനുള്ള ടി.സി.എസ് ഏഴുലക്ഷത്തിൽനിന്ന് 10 ലക്ഷമായി ഉയർത്തി.
- ജില്ല ആശുപത്രികളിൽ ഡേ കെയർ കാൻസർ സെന്ററുകൾ 36 ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി
- മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ല ആശുപത്രികളിലും ഡേ കെയർ കാൻസർ സെന്റററുകൾ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. പോഷകാഹാര പദ്ധതിയും പ്രഖ്യാപിച്ചു.
- 36 ജീവൻരക്ഷാ മരുന്നുകളെ കസ്റ്റംസ് തീരുവയിൽനിന്ന് ഒഴിവാക്കി. ആറ് ജീവൻരക്ഷാ മരുന്നുകൾക്ക് കസ്റ്റംസ് തീരുവ അഞ്ച് ശതമാനം കുറക്കും.
- രാജ്യത്തെ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലുമായി 10,000 വിദ്യാഭ്യാസ സീറ്റുകൾ അധികമായി അനുവദിക്കും. അഞ്ച് വർഷത്തിനുള്ളിൽ 75,000 സീറ്റുകൾ കൂട്ടും.
- സ്വകാര്യമേഖലയുമായി സഹകരിച്ച് മെഡിക്കൽ ടൂറിസത്തിനും ചികിത്സക്കും പ്രോത്സാഹനം നൽകും. ഇതിനായി വിസാ നടപടികൾ എളുപ്പമാക്കും.
- ഭാരത്നെറ്റ് പദ്ധതി പ്രകാരം ഗ്രാമീണ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്ക് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി.
- പാലക്കാട് ഉൾപ്പെടെ അഞ്ച് ഐ.ഐ.ടികളിൽ അടിസ്ഥാന സൗകര്യ വികസനം
- യുവമനസ്സുകളിൽ ശാസ്ത്രബോധം വളർത്തുന്നതിന് അഞ്ച് വർഷത്തിനുള്ളിൽ സർക്കാർ സ്കൂളുകളിൽ 50,000 അടൽ ടിങ്കറിങ് ലാബുകൾ സ്ഥാപിക്കുമെന്ന് ബജറ്റ് അവതരണത്തിൽ ധനമന്ത്രി നിർമല സീതാരാമൻ.
- ഭാരത്നെറ്റ് പദ്ധതിക്ക് കീഴിൽ ഗ്രാമപ്രദേശങ്ങളിലെ എല്ലാ സർക്കാർ സെക്കൻഡറി സ്കൂളുകൾക്കും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി നൽകും.
- 2014ന് ശേഷം ആരംഭിച്ച അഞ്ച് ഐ.ഐ.ടികളിൽ 6,500 വിദ്യാർഥികൾക്കുകൂടി അവസരം നൽകാൻ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കും. പട്ന ഐ.ഐ.ടിക്ക് കൂടുതൽ വികസനം.
- ഡിജിറ്റൽ രൂപത്തിലുള്ള ഇന്ത്യൻ ഭാഷാ പുസ്തകങ്ങൾ ലഭ്യമാക്കുന്നതിനായി ഭാരതീയ ഭാഷാ പുസ്തക പദ്ധതി നടപ്പിലാക്കും.
- അഞ്ച് വർഷത്തിനുള്ളിൽ പി.എം റിസർച്ച് ഫെലോഷിപ് സ്കീമിന് ഐ.ഐ.ടികളിലും ഐ.ഐ.എസ്സിയിലും സാങ്കേതിക ഗവേഷണത്തിനായി 10,000 ഫെലോഷിപ്പുകൾ.
സ്വകാര്യ പങ്കാളിത്തത്തോടെ ആണവ നിലയങ്ങൾ
ബജറ്റിൽ ആണവോർജ മേഖലയിൽ ഗവേഷണവും വികസനവും ഉള്‍പ്പെടുന്ന പദ്ധതിക്കായി 20,000 കോടി രൂപയാണ് മാറ്റിവെച്ചിട്ടുള്ളത്. ആണവോർജ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുമെന്നും ഇതിനായി 2010ലെ സിവില്‍ ലയബലിറ്റി ന്യൂക്ലിയര്‍ ഡാമേജ് ആക്ടിലും ഭേദഗതി കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു.
2033ഓടെ അഞ്ച് റിയാക്ടറുകളെങ്കിലും തദ്ദേശീയമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. 2047ഓടെ 100 ജിഗാവാട്ട് ആണവോർജ ഉൽപാദനത്തിനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ സർക്കാർ 18 പുതിയ ആണവ റിയാക്ടറുകൾ പ്രഖ്യാപിച്ചിരുന്നു. ഈ റിയാക്ടറുകളില്‍നിന്ന് 13,800 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാകുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ 2031-32ല്‍ രാജ്യത്തിന്റെ മൊത്തം ആണവോർജ ശേഷി 22,480 മെഗാവാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതുതലമുറ തൊഴിൽ മേഖലക്ക് സുരക്ഷാ പദ്ധതി
ഓണ്‍ലൈന്‍ ആപ്പുകളിലെ ഡെലിവറി ജീവനക്കാർ, ഓണ്‍ലൈന്‍ ടാക്സി തൊഴിലാളികൾ, കാറ്ററിങ്, ഫ്രീലാന്‍സ്, ഐ.ടി തുടങ്ങിയ മേഖലകളിലെ ഗിഗ് തൊഴിലാളികള്‍ക്ക് തിരിച്ചറിയൽ കാർഡും ആരോഗ്യ പരിരക്ഷയും. ഇ-ശ്രം പോർട്ടലിൽ ഇവരെ ഉൾപ്പെടുത്തും. ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന (എ.ബി-പി.എം.ജെ.എ.വൈ) പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക.
രാജ്യത്തെ ഒരു കോടിയോളം ഗിഗ് തൊഴിലാളികൾക്ക് ഇത് പ്രയോജനകരമാകും. സർക്കാർ ഇൻഷുറൻസിന് അർഹരല്ലാത്തവരായിരിക്കെ തന്നെ സ്വന്തമായി ആരോഗ്യ ഇൻഷുറൻസ് വാങ്ങാൻ തക്ക സമ്പന്നരല്ലാത്തവരുമായ വിഭാഗത്തിൽപെടുന്നവരാണ് ഗിഗ് തൊഴിലാളികൾ. ദരിദ്രര്‍ക്കും മധ്യവര്‍ഗത്തിനും ഇടയിലുള്ള ഈ വിഭാഗം രാജ്യത്തെ കാണപ്പെടാത്ത മധ്യവർഗമാണെന്നാണ് നിതി ആയോഗിന്റെ നിർവചനം.
ഇന്ത്യയിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം (ഏകദേശം 40 കോടി) ആളുകൾക്ക് ഇപ്പോഴും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയില്ലെന്ന് നിതി ആയോഗിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.