നിരാശയിൽ ഓഹരി വിപണി; നിക്ഷേപകർ ലാഭമെടുത്ത​തോടെ വിപണി നഷ്ടത്തിലേക്ക് വീണു

നിരാശയിൽ ഓഹരി വിപണി; നിക്ഷേപകർ ലാഭമെടുത്ത​തോടെ വിപണി നഷ്ടത്തിലേക്ക് വീണു

February 1, 2025 0 By BizNews

മുംബൈ: ആദായനികുതി ഇളവുകൾ നൽകിയിട്ടും ഉപഭോഗം വർധിപ്പിക്കാൻ പദ്ധതികളുണ്ടായിട്ടും കേന്ദ്ര ബജറ്റിനോട് ഓഹരി വിപണിക്ക് തണുപ്പൻ പ്രതികരണം. പ്രധാന ഓഹരി സൂചികകളായ നിഫ്റ്റി 26.25 പോയന്റ് നഷ്ടത്തിലും സെൻസെക്സ് 5.39 പോയന്റ് ലാഭത്തിലുമാണ് ശനിയാഴ്ചയിലെ ബജറ്റ് ദിന പ്രത്യേക വ്യാപാരം അവസാനിപ്പിച്ചത്. ബജറ്റ് അവതരണം തുടങ്ങിയപ്പോൾ വിപണിയിൽ ചെറിയൊരു മുന്നേറ്റം ദൃശ്യമായെങ്കിലും അരമണിക്കൂറിനുശേഷം കൂപ്പുകുത്തി. 23,528.60ൽ തുടങ്ങിയ നിഫ്റ്റി ഒരു ഘട്ടത്തിൽ 23,318.30 പോയന്റിലേക്ക് വീണു. ഉച്ചയോടെയാണ് നഷ്ടത്തിൽനിന്ന് കരകയറിയത്. സ്മാൾ കാപ്, മിഡ് കാപ് ഓഹരികളിലാണ് ഏറ്റവും കൂടുതൽ വിൽപന നേരിട്ടത്. ബി.എസ്.ഇ മിഡ്കാപ്, സ്മാൾ കാപ് സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു.

വിള വൈവിധ്യവത്കരണവും കാർഷിക വായ്പ വർധിപ്പിക്കുകയും ചെയ്തത് ചില കാർഷിക, വളം കമ്പനി ഓഹരികളിൽ വൻ കുതിപ്പുണ്ടാക്കി. ആദായനികുതി വെട്ടിക്കുറച്ചത് കാരണം വിപണി സജീവമാകുമെന്ന പ്രതീക്ഷയിൽ ഉപഭോക്തൃ ഉൽപന്ന ഓഹരികൾ നിക്ഷേപകർ വാങ്ങിക്കൂട്ടി. നിഫ്റ്റി എഫ്.എം.സി.ജി സൂചിക നാല് ശതമാനംവരെ ഉയർന്നു. അതേസമയം, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിക്കുമെന്ന പ്രഖ്യാപനം സമ്മിശ്ര പ്രതികരമാണുണ്ടാക്കിയത്. 50 വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കു​മെന്നതടക്കമുള്ള പദ്ധതികൾ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഓഹരികളിൽ ഉണർവുണ്ടാക്കി.

ഓഹരി വിൽപനയിലെ ലാഭത്തിന് കഴിഞ്ഞ ബജറ്റിൽ ഏർപ്പെടുത്തിയ നികുതി നിരക്കുകളിൽ മാറ്റമില്ലാത്തതും ആദായനികുതി ഇളവിൽ ഓഹരി വിൽപനയിൽനിന്നുള്ള ലാഭം പെടില്ലെന്നതും നിക്ഷേപകരുടെ ആവേശം കെടുത്തി. നിക്ഷേപകർ ലാഭമെടുക്കുന്നത് തുടരുന്നതാണ് ഓഹരി വിപണിയുടെ ഇടിവിന് കാരണമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയവും വിദേശികൾ കൂട്ടമായി ​ഓഹരി വിൽക്കുന്നതുമാണ് നിക്ഷേപകരുടെ ആശങ്കക്കിടയാക്കിയതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവിസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി.കെ. വിജയകുമാർ പറഞ്ഞു. അതേസമയം, അടിസ്ഥാന മേഖലക്കും പ്രതിരോധ മേഖലക്കുമുള്ള സർക്കാറിന്റെ നീക്കിയിരിപ്പ് പ്രതീക്ഷിച്ചതിനെക്കാൾ കുറഞ്ഞതാണ് റെയിൽവേ ഓഹരികളിൽ വൻ ഇടിവുണ്ടാക്കിയതെന്ന് മാർക്കറ്റ്സ് സ്ട്രാറ്റജിസ്റ്റ് ഗൗരവ് ദുവ അഭിപ്രായപ്പെട്ടു.