നിലമ്പൂർ തേക്കിന് ചരിത്രവില; നികുതിയായി ലഭിച്ചത് 2.60 കോടി
February 1, 2025നിലമ്പൂർ: വനംവകുപ്പിന്റെ അരുവാക്കോട് ഡിപ്പോയിൽ റെക്കോഡ് വിലയിൽ നടന്ന തേക്ക് ലേലത്തിലൂടെ നികുതിയിനത്തിൽ സർക്കാറിന് ലഭിച്ചത് 2.60 കോടി.
നെല്ലിക്കുത്ത് തേക്ക് പ്ലാന്റേഷനിലെ തേക്കുതടികൾക്കാണ് റെക്കോഡ് വില ലഭിച്ചത്. ഡിപ്പോയുടെ ചരിത്രത്തിലെ ഉയർന്ന വിലയും റെക്കോഡ് വരുമാനവുമാണിത്.
ബി കയറ്റുമതി ഇനത്തിൽപെട്ട തേക്കുതടിക്ക് ഘനമീറ്ററിന് 3.99 ലക്ഷം ലഭിച്ചു. നികുതി ഉൾപ്പെടെ ഈ തടിക്കഷണത്തിനു മാത്രം 7,14,476 രൂപയാണ് ലഭിച്ചത്. ലേലത്തിൽ 97 ഘനമീറ്ററർ തേക്കുതടികൾക്ക് 2.14 കോടി രൂപ ലഭിച്ചു.
ബ്രിട്ടീഷ് കാലത്ത് 1930ൽ പ്ലാന്റ് ചെയ്ത നെല്ലിക്കുത്ത് തേക്കുതോട്ടത്തിൽനിന്ന് ഉണങ്ങിവീണതും കാറ്റിൽ കടപുഴകിയതും ഉൾപ്പെടെയുള്ള 120 ഘനമീറ്റർ തേക്കുതടികളാണ് ലേലത്തിന് വെച്ചത്.
ഇതിൽ 97 ഘനമീറ്റർ വിറ്റുപോയപ്പോൾ 23 ഘനമീറ്റർ പ്രതീക്ഷിച്ച വില ലഭിക്കാത്തതിനാൽ അടുത്ത ലേലത്തിലേക്ക് മാറ്റിവെച്ചു. ഫെബ്രുവരി മൂന്നിനും 12നും അടുത്ത ലേലം നടക്കും.