സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ

January 31, 2025 0 By BizNews

ഴ് വർഷത്തിനിടെ ആദ്യമായി, ഇന്ത്യയുടെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) ഗണ്യമായി ഉയർന്നെന്ന് സാമ്പത്തിക സർവെ. 2017-18 ലെ 23.3% ൽ നിന്ന് 2023-24 ൽ 41.7% ആയി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർന്നു.

ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ന് പാർലമെൻ്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ കുതിച്ചു ചാട്ടമാണ് മൊത്തത്തിലുള്ള പുരോഗതിക്ക് ശക്തിയായത്.

തൊഴിൽ ശക്തിയിൽ കൂടുതൽ സ്ത്രീകൾ, കൂടുതൽ സംസ്ഥാനങ്ങൾ വളർച്ച കാണിക്കുന്നു
2017-18ൽ 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 20% ത്തിൽ താഴെയായിരുന്നു സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക്.

2023-24 ആയപ്പോഴേക്കും ഇത് മൂന്ന് സംസ്ഥാനങ്ങളായി കുറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും 30-40% ആണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 40 ശതമാനത്തിലധികം സ്ത്രീകളും തൊഴിൽ ചെയ്യുന്നുണ്ട്. 56.9% സ്ത്രീ തൊഴിൽ പങ്കാളിത്തമുള്ള സിക്കിമാണ് രാജ്യത്ത് മുന്നിൽ.

ഗ്രാമീണ മേഖലയിലെ ദേശീയ ശരാശരി 2017-18 ലെ 24.6% ൽ നിന്ന് 2023-24 ൽ 47.6% ആയി ഉയർന്നു ഇത് അടിസ്ഥാന സാമ്പത്തിക ശാക്തീകരണ പരിപാടികളുടെ സ്വാധീനമാണ് കാണിക്കുന്നതെന്ന് ധനമന്ത്രി അവകാശപ്പെടുന്നു.

സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്ക് സർക്കാർ സഹായം ലഭിക്കുന്നതിനെ കുറിച്ചും സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു. 2024 ഒക്‌ടോബർ 31 വരെ, സ്റ്റാർട്ടപ്പ് ഇന്ത്യ ഇനിഷ്യേറ്റീവിന് കീഴിൽ ഒരു വനിതാ ഡയറക്‌ടറെങ്കിലും ഉള്ള 73,151-ലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിച്ചുവെന്നാണ് സാമ്പത്തിക സർവേ പറയുന്നത്. ഇത് ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്റ്റാർട്ടപ്പുകളുടെ പകുതിയോളം വരുമെന്നതും പ്രധാനമാണ്.

ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടുകൾ (എഐഎഫ്) വഴി സ്ത്രീകൾ നയിക്കുന്ന 149 സ്റ്റാർട്ടപ്പുകളിൽ 3,107.11 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് സാമ്പത്തിക സർവേ വിശദീകരിക്കുന്നത്. സ്റ്റാർട്ടപ്പ് ഇന്ത്യ സീഡ് ഫണ്ട് സ്കീം (എസ്ഐഎസ്എഫ്എസ്) 2021 ഏപ്രിൽ മുതൽ 1,278 സ്ത്രീകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകൾക്കായി 227.12 കോടി രൂപ അനുവദിച്ചു.

സ്റ്റാർട്ടപ്പുകൾക്കുള്ള ക്രെഡിറ്റ് ഗ്യാരൻ്റി സ്കീം (സിജിഎസ്എസ്) സ്ത്രീകൾ നയിക്കുന്ന സംരംഭങ്ങൾക്കായി 24.6 കോടി രൂപ വായ്പയായി നൽകി. സാമ്പത്തിക സഹായം, മെൻ്റർഷിപ്പ് പ്രോഗ്രാമുകൾ, നൈപുണ്യ വികസന പദ്ധതികൾ എന്നിവയുമായി സംയോജിപ്പിച്ച് ഇന്ത്യൻ സ്ത്രീകളെ ബിസിനസ്സിലും തൊഴിലിലും മുന്നേറാൻ ഈ പദ്ധതികൾ സഹായിച്ചുവെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.