ട്രംപിനായി പണം വാരിയെറിഞ്ഞ് മസ്ക്; ദിവസവും ഒരാൾക്ക് എട്ട് കോടി നൽകും
October 20, 2024വാഷിങ്ടൺ: യു.എസിൽ ഇഞ്ചോടിഞ്ച് നടക്കുന്ന തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥി ഡോണാണാൾഡ് ട്രംപിനായി പണം വാരിയെറിഞ്ഞ് വ്യവസായി ഇലോൺ മസ്ക്. യു.എസ് ഭരണഘടനയെ പിന്തുണക്കുന്ന ഓൺലൈൻ പെറ്റിഷനിൽ ഒപ്പുവെക്കുന്നവരിൽ നിന്നും ഒരാൾക്ക് പ്രതിദിനം ഒരു മില്യൺ ഡോളർ നൽകുമെന്ന് മസ്ക് പ്രഖ്യാപിച്ചു.
ട്രംപിന്റെ പെൻസിൽവാനിയ യോഗത്തിനെത്തിയ ജോൺ ഡ്രെച്ചർ എന്നയാൾക്ക് ഒരു മില്യൺ ഡോളർ നൽകി മസ്ക് പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇത്തരത്തിൽ ഒരു മില്യൺ ഡോളർ നൽകുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
യു.എസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിനായി വൻതോതിൽ ട്രംപ് പണം ചെലവഴിക്കുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. തെരഞ്ഞെടുപ്പിൽ ഡോണാൾഡ് ട്രംപിനെ സഹായിക്കുന്നതിനായി അമേരിക്ക പി.എ.സി എന്ന സംഘടനക്കും ഇലോൺ മസ്ക് രൂപം നൽകിയിരുന്നു.
കമല ഹാരിസ് ജയിച്ചാൽ ഇത് അവസാന തെരഞ്ഞെടുപ്പായി മാറും. രണ്ട് തവണ വധശ്രമമുണ്ടായപ്പോഴും ധീരമായാണ് ട്രംപ് അതിനെ നേരിട്ടത്. കമല ഹാരിസിന് അങ്ങനെ ഒരിക്കലും നേരിടാൻ ആവില്ലെന്നും ഇലോൺ മസ്ക് പറഞ്ഞു. ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 247.4 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി.