ഇന്ത്യയില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ബ്രിട്ടീഷ് പെട്രോളിയം

ഇന്ത്യയില്‍ ബിസിനസ് വ്യാപിപ്പിക്കാന്‍ ബ്രിട്ടീഷ് പെട്രോളിയം

September 25, 2024 0 By BizNews
British Petroleum to expand business in India

ന്യൂഡൽഹി: ആഗോള എനര്‍ജി ഭീമനായ ബിപി പിഎല്‍സിയുടെ (ബ്രിട്ടീഷ് പെട്രോളിയം) ബോര്‍ഡ് ഇന്ത്യയില്‍ യോഗം ചേരുന്നു. രാജ്യത്തെ അവസരങ്ങളോടുള്ള പ്രതിബദ്ധതയും ആത്മവിശ്വാസവും കാരണമാണ് യോഗം ഇന്ത്യയിലാക്കിയതെന്ന് ബ്രിട്ടീഷ് മള്‍ട്ടി നാഷണല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് കമ്പനി അറിയിച്ചു.

ബിപി ബോര്‍ഡ് ഇന്ത്യാ സന്ദര്‍ശനം തങ്ങളുടെ ബിസിനസുകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനുള്ള പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതായി കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.

ആഗോള ഊര്‍ജ്ജ ആവശ്യകതയില്‍ ഇന്ത്യയുടെ പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, അവരുടെ സന്ദര്‍ശന വേളയില്‍ ബോര്‍ഡ് ഇന്ത്യന്‍ സര്‍ക്കാരുമായും ബിപിയുടെ ബിസിനസ് പങ്കാളികളുമായും കൂടിക്കാഴ്ചകള്‍ നടത്തും. കൂടാതെ ബിപി ഇന്ത്യയിലെ പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യും.

എന്നാല്‍ യോഗങ്ങളെക്കുറിച്ചോ ബോര്‍ഡ് യോഗത്തിന്റെ വേദിയെക്കുറിച്ചോ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

‘ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന ഊര്‍ജ്ജ ആവശ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ബിപി സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരിയെ സന്ദര്‍ശിച്ച ബിപി ചെയര്‍ ഹെല്‍ജ് ലന്‍ഡ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യയുമായി കൂടുതല്‍ അടുത്ത് പ്രവര്‍ത്തിക്കാന്‍ ബിപിക്ക് വലിയ സാധ്യതകളുണ്ട്. റിലയന്‍സുമായുള്ള (ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്) ലോകോത്തര പങ്കാളിത്തം ഉള്‍പ്പെടെയുള്ള ബിസിനസ് അവസരങ്ങള്‍ കമ്പനി കാണുന്നു’, ബിപി ചീഫ് എക്സിക്യൂട്ടീവ് മുറെ ഓക്കിന്‍ക്ലോസ് കൂട്ടിച്ചേര്‍ത്തു.

റീട്ടെയില്‍ സാന്നിധ്യവും, ഇന്ത്യയുടെ ഉയര്‍ന്ന വൈദഗ്ധ്യമുള്ള എഞ്ചിനീയറിംഗും ശാസ്ത്രീയ കഴിവുകളും ഞങ്ങളുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും എത്തിക്കാന്‍ ഞങ്ങളെ സഹായിക്കും.

ബിപി ഇന്ത്യയിലെ ഏറ്റവും വലിയ അന്താരാഷ്ട്ര ഊര്‍ജ കമ്പനികളിലൊന്നാണ്. രാജ്യത്തെ ഊര്‍ജ്ജ മൂല്യ ശൃംഖലയിലുടനീളം 12 ബില്യണ്‍ ഡോളറിലധികം അവര്‍ നിക്ഷേപിച്ചിട്ടുണ്ട്.

ബിപിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍ കാസ്‌ട്രോള്‍ ലൂബ്രിക്കന്റുകള്‍, എണ്ണ, വാതക വ്യാപാരം, ശുദ്ധമായ ഊര്‍ജ്ജ പദ്ധതികള്‍ എന്നിവയും ഉള്‍പ്പെടുന്നു.