മന്‍ബ ഫിനാന്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 23 മുതല്‍

മന്‍ബ ഫിനാന്‍സ്‌ ഐപിഒ സെപ്‌റ്റംബര്‍ 23 മുതല്‍

September 19, 2024 0 By BizNews
manba-finance-ipo-to-open-on-september-23

മുംബൈ: ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനമായ മന്‍ബ ഫിനാന്‍സ്‌ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) സെപ്‌റ്റംബര്‍ 23ന്‌ തുടങ്ങും. സെപ്‌റ്റംബര്‍ 25 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌.

114-120 രൂപയാണ്‌ ഐപിഒയുടെ ഓഫര്‍ വില. സെപ്‌റ്റംബര്‍ 30ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. 125 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌.

150.84 കോടി രൂപയാണ്‌ കമ്പനി ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

1998ല്‍ സ്ഥാപിതമായ മന്‍ബ ഫിനാന്‍സ്‌ ഇരുചക്ര വാഹനങ്ങള്‍, മുചക്ര വാഹനങ്ങള്‍, ഉപയോഗിച്ച കാറുകള്‍, ചെറുകിട ബിസിനസുകള്‍ എന്നിവയ്‌ക്കുള്ള വായ്‌പകളാണ്‌ നല്‍കുന്നത്‌.

വ്യക്തിഗത വായ്‌പയും നല്‍കിവരുന്നു. ജോലി ചെയ്യുന്നവരും സ്വയം തൊഴില്‍ ചെയ്യുന്നവരുമായ വ്യക്തികളാണ്‌ പ്രധാനമായും കമ്പനിയുടെ ഉപഭോക്താകള്‍.

ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക മൂലധന അടിത്തറി ശക്തിപ്പെടുത്തുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 31.42 കോടി രൂപയാണ്‌ മന്‍ബ ഫിനാന്‍സ്‌ കൈവരിച്ച ലാഭം. മുന്‍വര്‍ഷം ലാഭം 16.58 കോടി രൂപയായിരുന്നു. വരുമാനം 133.32 കോടി രൂപയില്‍ നിന്നും 191.63 കോടി രൂപയായി വളര്‍ന്നു.