ഓണവിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ പൂക്കൃഷി ഇത്തവണ വൻ വിജയം

ഓണവിപണി ലക്ഷ്യമിട്ട സംസ്ഥാനത്തെ പൂക്കൃഷി ഇത്തവണ വൻ വിജയം

September 13, 2024 0 By BizNews
Flower farming in the state aimed at the Onam market has been a huge success this year

കോട്ടയം: ഓണവിപണി മുന്നില്‍ക്കണ്ട് സംസ്ഥാനത്തുനടത്തിയ പൂക്കൃഷി വൻവിജയം. കൃഷിവകുപ്പും കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് ബന്ദിപ്പൂ (ചെണ്ടുമല്ലി) മാത്രം 793.83 ഹെക്ടറിലാണു കൃഷിചെയ്തത്.

7,000 ടണ്ണിനു മുകളില്‍ ഉത്പാദനമുണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു. പൂപറിക്കാൻതുടങ്ങി. ആദ്യമായാണ് എല്ലാ ജില്ലകളിലും ഇങ്ങനെ സംഘടിതമായി പൂക്കൃഷി ചെയ്യുന്നത്.

ജമന്തി, വാടാമല്ലി, അരളി, കുറ്റിമുല്ല ഉള്‍പ്പെടെയുള്ള പൂക്കളും കൃഷിചെയ്യുന്നുണ്ട്. താരതമ്യേന കുറവായതിനാല്‍ ഇതിന്റെ കണക്ക് ക്രോഡീകരിച്ചിട്ടില്ല.

കുടുംബശ്രീ ‘നിറപ്പൊലിമ’ പദ്ധതിയുടെ ഭാഗമായിമാത്രം 1,253 ഏക്കറില്‍ പൂക്കൃഷിയുണ്ട്. 3,000 വനിതാ കർഷകസംഘങ്ങള്‍ പദ്ധതിയുടെ ഭാഗമാണ്. ഓണക്കാലത്ത് മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടിവരുന്നതു കണക്കിലെടുത്താണ് കുടുംബശ്രീ പൂക്കൃഷിക്കിറങ്ങിയത്.

ഒട്ടേറെ കർഷകരും വ്യാപകമായി പൂക്കൃഷി ചെയ്തിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലൊന്ന് ആലപ്പുഴയിലെ കഞ്ഞിക്കുഴിയാണ്. മുൻപരിചയമുള്ളവർ വിപണി കണ്ടെത്തുന്നുണ്ടെങ്കിലും പുതുതായെത്തിയവർ ബുദ്ധിമുട്ടുകയാണ്.

കഞ്ഞിക്കുഴിയില്‍ ബന്ദിപ്പൂവിന് കിലോയ്ക്ക് 100-150 രൂപ വിലയുണ്ട്. എന്നാല്‍, സംസ്ഥാനത്ത് പലയിടങ്ങളിലും 50 രൂപയ്ക്കുപോലും പൂ വില്‍ക്കുന്നുണ്ട്. വിപണിയൊരുക്കാനും വില നിശ്ചയിക്കാനും സർക്കാർതലത്തില്‍ സംവിധാനമില്ല.

ചിലയിടങ്ങളില്‍ കുടുംബശ്രീ സി.ഡി.എസുകള്‍ പൂക്കള്‍ ശേഖരിച്ച്‌ ഒന്നിച്ചു വില്‍ക്കുന്നുണ്ട്. ഓണത്തിന് ഔദ്യോഗിക ആഘോഷങ്ങള്‍ ഒഴിവാക്കിയതും സംഘടനകളും ക്ലബ്ബുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം ആഘോഷം വേണ്ടെന്നുവെച്ചതും അപ്രതീക്ഷിത പ്രതിസന്ധിയായി.