അദാനിക്ക് ഇന്ത്യയിലും തിരിച്ചടി; കരാർ റദ്ദാക്കാൻ ആന്ധ്ര, പണം വേണ്ടെന്ന് തെലങ്കാന

അദാനിക്ക് ഇന്ത്യയിലും തിരിച്ചടി; കരാർ റദ്ദാക്കാൻ ആന്ധ്ര, പണം വേണ്ടെന്ന് തെലങ്കാന

November 26, 2024 0 By BizNews

ന്യൂഡൽഹി: യു.എസിൽ അഴിമതി കേസിൽ ആരോപണവിധേയനായതിന് പിന്നാലെ ഗൗതം അദാനിക്ക് ഇന്ത്യയിലും തിരിച്ചടി. അദാനിയുമായുള്ള വൈദ്യുത കരാർ റദ്ദാക്കുന്നതിനുള്ള നടപടികൾക്ക് ആന്ധ്ര സർക്കാർ തുടക്കം കുറിച്ചു. അദാനിയുടെ 100 കോടിയുടെ സഹായം വേണ്ടെന്ന് തെലങ്കാനയും നിലപാടെടുത്തു.

ആന്ധ്ര ധനകാര്യമന്ത്രി പയ്യുവാല കേശവ് റോയിട്ടേഴ്സിനോടാണ് അദാനിയുമായുള്ള കരാർ പുനഃപരിശോധിക്കാനുള്ള സാധ്യതകൾ ആരായുമെന്ന് അറിയിച്ചത്. ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആർ കോൺഗ്രസ് സർക്കാർ ഒപ്പിട്ട കരാർ റദ്ദാക്കുന്നത് പരിഗണിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കരാർ സൂക്ഷ്മമായി പരിശോധിക്കുകയാണെന്നും ഇതിന് ശേഷം റദ്ദാക്കുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അദാനിയുടെ സഹായം ആവശ്യമില്ലെന്ന് തെലങ്കാന സർക്കാറും നിലപാടെടുത്തു. 100 കോടി രൂപയുടെ സഹായം വേണ്ടെന്നാണ് തെലങ്കാന സർക്കാർ അറിയിച്ചിരിക്കുന്നത്. യങ് സ്കിൽ യൂനിവേഴ്സിറ്റിക്ക് നൽകാനിരുന്ന ഫണ്ടാണ് വേണ്ടെന്ന് പറഞ്ഞിരിക്കുന്നത്.

അദാനി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്​പോൺസിബിലിറ്റിയുടെ ഭാഗമായി അദാനി ഫൗണ്ടേഷനാണ് സഹായം നൽകുമെന്ന് അറിയിച്ചത്. തന്റെയും മന്ത്രിസഭയുടേയും പ്രതിഛായ മോശമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാറിന് അദാനി ഗ്രൂപ്പിൽ നിന്ന് ഒരു സഹായവും വേണ്ടെന്നും മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു.

നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സൗരോർജ കരാറുകൾക്ക് അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 265 മില്യൺ ഡോളർ (ഏകദേശം 2,200 കോടി രൂപ) കൈക്കൂലി നൽകാനുള്ള ശ്രമം നടത്തിയെന്നാണ് അദാനിക്കെതിരായ യു.എസ് നീതിന്യായ വകുപ്പി​ന്‍റെ കുറ്റപത്രം.