ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി മുകേഷ് അംബാനി
August 26, 2024 0 By BizNewsഏഷ്യന്‍ അതിസമ്പന്ന് ആഗോള കോടീശ്വര പട്ടികയില്‍ കാലിടറി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനായ മുകേഷ് അംബാനി, 2024 -ലെ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയില്‍ ഒരു സ്ഥാനം പിന്നോട്ട് ഇറങ്ങി.
ഇക്കഴിഞ്ഞ ദിവസം വരെ ആഗോള കോടീശ്വര പട്ടികയില്‍ 11 -ാം സ്ഥാനത്തായിരുന്ന അദ്ദേഹം നിലവില്‍ 12 -ാമതാണ്. പ്രമുഖ അമേരിക്കന്‍ എഐ ചിപ്പ് നിര്‍മ്മാതാവായ എന്‍വിഡിയയുടെ സ്ഥാപകനും, സിഇഒയുമായ ജെന്സന് ഹുവാങ് ആണ് അംബാനിലെ മറികടന്നത്.
എന്‍വിഡിയ ഓഹരികള്‍ അടുത്തിടെ യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിന്റെയും ആസ്തി 113 ബില്യണ്‍ ഡോളറാണ്.
എന്നാല്‍ സൂക്ഷ്മാമായി പരിശോധിക്കുമ്പോള്‍ ഹുവാങ്ങിന് അംബാനിയേക്കാള്‍ നേരിയ മുന്‍തൂക്കമുണ്ട്. ഇത് സ്ഥാനം നിര്‍ണയിക്കുന്നതില്‍ പ്രതിഫലിച്ചു.
വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ഹുവാങ്ങിന്റെ ആസ്തിയിലെ വര്‍ധന 4.73 ബില്യണ്‍ ഡോളര്‍ ആണ്. അതേസമയം അംബാനിയുടെ ആസ്തി 12.1 മില്യണ്‍ ഡോളറാണ് വര്‍ധിച്ചത്. എന്‍വിഡിയയുടെ ഓഹരികള്‍ ഈ വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഇതോടെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വരുമാനം നേടുന്ന ശതകോടീശ്വരനായും ഹുവാങ് മാറി. ഈ വര്‍ഷം അദ്ദേഹത്തിന്റെ ആസ്തി വര്‍ധന ഏകദേശം 69.3 ബില്യണ്‍ ഡോളറാണ്. ഈ വര്‍ഷം അംബാനിയുടെ ആസ്തി 16.3 ബില്യണ്‍ ഡോളറായി ഉയര്‍ന്നിട്ടുണ്ട്.
ഈ വര്‍ഷം ആസ്തി വര്‍ധനയില്‍ ഹുവാങ്ങിന് തൊട്ടുപിന്നിലുള്ളത്, ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ പ്ലാറ്റ്ഫോമിന്റെ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ആസ്തി 59.5 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു.
188 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള സക്കര്‍ബര്‍ഗ് ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടികയില്‍ നാലാമതാണ്. അതേസമയം വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആസ്തി 1.38 ബില്യണ്‍ ഡോളര്‍ കുറഞ്ഞു.
ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 ആളുകള്‍
- ഇലോണ്‍ മസ്ക്- 244 ബില്യണ്‍ ഡോളര്‍. വെള്ളിയാഴ്ച അദ്ദേഹത്തിന്റെ ആസ്തി 6.91 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു.
- ഫ്രഞ്ച് വ്യവസായി ബെര്‍ണാഡ് അര്‍നോള്‍ട്ട്- 201 ബില്യണ്‍ ഡോളര്‍.
- ജെഫ് ബെസോസ്- 200 ബില്യണ്‍ ഡോളര്‍.
- മാര്‍ക്ക് സക്കര്‍ബര്‍ഗ്- 188 ബില്യണ്‍ ഡോളര്‍.
- ബില്‍ ഗേറ്റ്സ്- 159 ബില്യണ്‍ ഡോളര്‍.
- ലാറി എല്ലിസണ്- 154 ബില്യണ്‍ ഡോളര്‍.
- ലാറി പേജ്- 149 ബില്യണ്‍ ഡോളര്‍.
- സ്റ്റീവ് ബാല്‍മര്‍- 145 ബില്യണ്‍ ഡോളര്‍.
- വാറന്‍ ബഫറ്റ്- 143 ബില്യണ്‍ ഡോളര്‍.
- സെര്‍ജി ബ്രെയ്ന്‍- 141 ബില്യണ്‍ ഡോളര്‍.
104 ബില്യണ്‍ ഡോളറുമായി ഇന്ത്യയുടെ ഗൗതം അദാനി പട്ടികയില്‍ 15-ാം സ്ഥാനത്താണ്. ഈ വര്‍ഷം അദ്ദേഹത്തിന്റെ ആസ്തി 19.6 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചിട്ടുണ്ട്.