സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം; പവന് 840 രൂപയുടെ വർധന
August 17, 2024കൊച്ചി: അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും സ്വർണവില ഉയർന്നു. കേരളത്തിൽ ഗ്രാമിന് സ്വർണവില 105 രൂപ വർധിച്ച് 6670 രൂപയായി. പവന് 840 രൂപ വർധിച്ച് 53,360 രൂപയായും ഉയർന്നു.
അന്താരാഷ്ട്ര സ്വർണ വിലയിൽ വലിയ കുതിച്ചുചാട്ടമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. കഴിഞ്ഞദിവസം ഔൺസിന് 2455 ഡോളർ ആയിരുന്ന സ്വർണവില രണ്ടുശതമാനത്തിലധികം വർധിച്ച് 2507 ഡോളറിലേക്ക് എത്തി. 51 ഡോളറിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതാണ് അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം.
മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിലും സ്വർണവില ഉയർന്നു. 10 ഗ്രാം സ്വർണത്തിന്റെ വില 71,935 രൂപയായാണ് ഉയർന്നത്. ഈ ആഴ്ച മാത്രം 2.12 ശതമാനത്തിന്റെ വർധനയുണ്ടായി. യു.എസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്കുകൾ കുറക്കാനുള്ള സാധ്യതയും സ്വർണവിലക്കയറ്റത്തിനുള്ള കാരണമാണ്. യു.എസ് ജോബ് ഡാറ്റ പുറത്ത് വന്നതോടെയാണ് പലിശനിരക്കുകൾ വീണ്ടും കുറക്കുമെന്ന അഭ്യൂഹം ശക്തമായത്.
സ്വർണത്തിൻറെ ഇറക്കുമതി ചുങ്കം കുറച്ചതിനുശേഷം ഉള്ള ഏറ്റവും വലിയ വർധനവാണ് ഇന്ത്യയിൽ ഇന്ന് രേഖപ്പെടുത്തിയത്.വലിയ തോതിലുള്ള നിക്ഷേപവും ലാഭം എടുക്കലും തുടരുന്നതിനാൽ, സ്വർണവിലയിൽ ചാഞ്ചാട്ടം തുടർന്നാലും വില വർധവിന് തന്നെയാണ് സാധ്യത.