ജീവനക്കാർക്ക് ഒരു ശതമാനം ശമ്പളവർധന മാത്രം; കോഗ്നിസെന്റിനെതിരെ വിമർശനം

ജീവനക്കാർക്ക് ഒരു ശതമാനം ശമ്പളവർധന മാത്രം; കോഗ്നിസെന്റിനെതിരെ വിമർശനം

August 15, 2024 0 By BizNews

ന്യൂഡൽഹി: ജീവനക്കാർക്ക് ഒരു ശതമാനം മാത്രം ശമ്പളവർധനവ് നൽകിയ കോഗ്നിസെന്റിന്റെ നടപടിയിൽ വിമർശനം. കമ്പനിയിലെ ചില ജീവനക്കാർക്കാണ് ഒരു ശതമാനം മാത്രം ശമ്പളവർധന കോഗ്നിസെന്റ് നൽകിയത്. നാല് മാസത്തോളം വെകിപ്പിച്ചതിന് ശേഷമാണ് കോഗ്നിസെന്റ് നാമമാത്ര ശമ്പള വർധനവ് നൽകിയത്. ചില ജീവനക്കാർക്ക് അഞ്ച് ശതമാനം വരെ ശമ്പളവർധനവും കമ്പനി നൽകിയിട്ടുണ്ട്.

മൂന്നിന് മുകളിൽ റേറ്റിങ് ലഭിച്ച ജീവനക്കാർക്ക് 1.3 ശതമാനം മാത്രം ശമ്പളവർധനവാണ് കമ്പനി നൽകിയത്. നാലിന് മുകളിലുള്ളവർക്ക് നാല് ശതമാനവും അഞ്ചിന് മുകളിൽ​ റേറ്റിങ് ഉള്ളവർക്ക് അഞ്ച് ശതമാനം ശമ്പളവർധനവാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഏഴ് മുതൽ 11 ശതമാനം വരെ ശമ്പള വർധനവ് നൽകിയ സ്ഥാനത്താണ് ഇപ്പോഴുള്ള നാമമാത്രമായ വർധന.

അതേസമയം, ശമ്പളവർധനവ് സംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ കോഗ്നിസെന്റ് ഇതുവരെ തയാറായിട്ടില്ല. ന്യൂജേഴ്സി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയിൽ 254,000 ജീവനക്കാരാണ് ഉള്ളത്. ജീവനക്കാരുടെ എണ്ണത്തിൽ 8100 പേരുടെ കുറവ് വരുത്താൻ കോഗ്നിസെന്റ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ജൂണിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ കോഗ്നിസെന്റിന്റെ ലാഭത്തിൽ 22.2 ശതമാനം വർധനയുണ്ടായിട്ടുണ്ട്. 566 മില്യൺ ഡോളറായാണ് ലാഭം ഉയർന്നത്.