വിശ്വാസ്യത തകർന്നു; നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദി -രാഹുൽ ഗാന്ധി
August 11, 2024ന്യൂഡൽഹി: ഓഹരി നിയന്ത്രണ ഏജൻസിയായ സെബിക്കെതിരെ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സെബിയുടെ വിശ്വാസ്യത പൂർണ്ണമായും തകർന്നുവെന്നും നിക്ഷേപകരുടെ സമ്പാദ്യം നഷ്ടമായാൽ ആരാണ് ഉത്തരവാദിയാവുകയെന്നും രാഹുൽ ചോദിച്ചു.
എന്തുകൊണ്ടാണ് സെബി ചെയർപേഴ്സൺ രാജിവെക്കാത്തത്‍?. സംയുക്ത പാർലമെന്ററി അന്വേഷണത്തോട് സർക്കാർ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഇപ്പോൾ വ്യക്തമായെന്നും ഈ വെളിപ്പെടുത്തലിൽ സുപ്രീംകോടതി സ്വമേധയാ ഇടപെടുമോയെന്നും രാഹുൽ ചോദിച്ചു.
സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിനും അവരുടെ ഭർത്താവിനും അദാനി പണമിടപാട് അഴിമതിയിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളിൽ ഓഹരിയുണ്ടെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. ഹിൻഡൻബർഗ് റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ കോൺഗ്രസും പ്രതിപക്ഷവും അദാനിക്കെതിരെയടക്കം ജോയിൻറ് പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ്. സെബിയിലെ മാധബിയുടെ നിയമത്തിലടക്കം സംശയങ്ങള്‍ ഉയരുമ്പോള്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി രൂപീകരിച്ച് മുഴുവന്‍ ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.
2022 ആരംഭത്തിലാണ് മാധവ് ബൂച്ച് സെബി ചെയർപേഴ്‌സനാകുന്നത്. ഇതിനുമുൻപ് 2017 തൊട്ടുതന്നെ അവർ സെബി ജീവനക്കാരിയാണ്. 2017ൽ സെബി എക്‌സിക്യൂട്ടീവ് ഡയരക്ടറായി നിയമിതയായിരുന്നു മാധവി. 2022 മാർച്ച് ഒന്നിനാണ് ചെയർപേഴ്‌സനാകുന്നത്. മൂന്നു വർഷത്തേക്കാണു നിയമനം. 2015നാണ് വിദേശ ഷെൽ കമ്പനികളിൽ മാധബി ബുച്ച് നിക്ഷേപം തുടങ്ങിയത്. ഗൗദം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്‍റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്‌ഷോർ ഫണ്ടുകളിലാണ് മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ റിപോർട്ട്.
2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു
കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അന്ന് അദാനി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തലിന് ഇത് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം. അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിപണിയിൽ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിൻഡൻബെർഗിന്റെ രീതി.