സെബിയുടെ എക്സ് അക്കൗണ്ട് പൂട്ടി; വിവരങ്ങൾ മറച്ചുവെക്കാനോ ?
August 11, 2024ന്യൂഡൽഹി: വിവാദങ്ങൾക്ക് പിന്നാലെ ഓഹരി നിയന്ത്രണ ഏജൻസിയായ സെബി (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ)യുടെ എക്സ് ഹാൻഡിൽ പൂട്ടിയ നടപടിയും ചർച്ചയാവുന്നു. സെബി മേധാവി മാധബി ബുച്ചിന് അദാനി ഗ്രൂപ്പുമായി ബന്ധമുള്ള രഹസ്യ വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് എക്സ് ഹാൻഡിൽ പൂട്ടിയതായി ശ്രദ്ധയിൽപെട്ടത്. നേരത്തെ അക്കൗണ്ട് ഫോളോ ചെയ്യുന്നവർക്ക് മാത്രമേ ഇപ്പോൾ അക്കൗണ്ടിലെ പോസ്റ്റുകൾ കാണാനും റീപ്ലേ നൽകാനും റീപോസ്റ്റ് ചെയ്യാനുമാകൂ. ഹിൻഡൻബർഗിന്റെ പുതിയ റിപ്പോർട്ടിനു പിന്നാലെയാണ് അക്കൗണ്ട് ലോക്ക് ചെയ്ത് പ്രൈവറ്റ് ആക്കിവച്ചതെന്ന തരത്തിൽ സംശയം ഉയർന്നിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടിനു മുൻപേ അക്കൗണ്ട് പ്രൈവറ്റാക്കിയിട്ടുണ്ടെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്.
പൊതുജനങ്ങൾക്ക് അക്കൗണ്ട് ഇപ്പോൾ ലഭ്യമല്ലെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു. എന്തിനാണ് അക്കൗണ്ട് പൂട്ടിയതെന്ന് ചോദിച്ച ജയ്റാം രമേശ്, ഇത് ദേശീയ സ്വത്താണെന്ന് ഓർക്കണമെന്നും വിപണി നിയന്ത്രിക്കുന്ന ദേശീയ ഏജൻസി ഇത്രയും പക്വതയില്ലാതെ പെരുമാറരുതെന്നും അഭിപ്രായപ്പെട്ടു.
ഒരു പൊതുസ്ഥാപനം എങ്ങനെയാണ് അക്കൗണ്ട് പൂട്ടിവയ്ക്കുന്നതെന്ന് കാർത്തി ചിദംബരം ചോദിച്ചു. അദാനി ഗ്രൂപ്പിനെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോൾ ഇതേ സ്ഥാപനത്തിന്റെ ഭാഗമായ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് സെബി ചെയർപേഴ്സൻ സുപ്രിംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. അന്വേഷണത്തിലുള്ള കമ്പനിയുമായി നേരത്തെ പരിചയമുള്ള കാര്യം നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ടോ? കോൺഫ്ളിക്ട് ഓഫ് ഇന്ററസ്റ്റ് വരാതിരിക്കാൻ അന്വേഷണത്തിൽനിന്നു മാറിനിൽക്കാതിരുന്നത് എന്തുകൊണ്ടാണെന്നും കാർത്തി ചോദിക്കുന്നു.
174.2 ലക്ഷം പേരാണ് നിലവിൽ സെബിയുടെ എക്സ് അക്കൗണ്ട് ഫോളോ ചെയ്യുന്നത്. 19 പേരെ സെബിയും ഫോളോ ചെയ്യുന്നുണ്ട്. 2013ൽ ആരംഭിച്ച അക്കൗണ്ട് എന്നുതൊട്ടാണ് പൂട്ടിവച്ചതെന്നു വ്യക്തമല്ല.
2022 ആരംഭത്തിലാണ് മാധവ് ബൂച്ച് സെബി ചെയർപേഴ്സനാകുന്നത്. ഇതിനുമുൻപ് 2017 തൊട്ടുതന്നെ അവർ സെബി ജീവനക്കാരിയാണ്. 2017ൽ സെബി എക്സിക്യൂട്ടീവ് ഡയരക്ടറായി നിയമിതയായിരുന്നു മാധവി. 2022 മാർച്ച് ഒന്നിനാണ് ചെയർപേഴ്സനാകുന്നത്. മൂന്നു വർഷത്തേക്കാണു നിയമനം. 2015നാണ് വിദേശ ഷെൽ കമ്പനികളിൽ മാധബി ബുച്ച് നിക്ഷേപം തുടങ്ങിയത്. ഗൗദം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളികൾക്കും പങ്കുള്ള ബെർമുഡയും മൗറീഷ്യസും ആസ്ഥാനമായുള്ള ഓഫ്ഷോർ ഫണ്ടുകളിലാണ് മാധബി പുരി ബുച്ചും അവരുടെ ഭർത്താവും നിക്ഷേപം നടത്തിയതായി ഹിൻഡൻബർഗ് ഗവേഷണ റിപോർട്ട്.
2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു
കഴിഞ്ഞ വര്‍ഷം ജനുവരിയിലും ഹിൻഡൻബെർഗ് അദാനി ഗ്രൂപ്പിനെതിരെ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. അന്ന് അദാനി കമ്പനികളുടെ ഓഹരി വില കൂപ്പുകുത്തലിന് ഇത് കാരണമായിരുന്നു. അദാനി കമ്പനികളില്‍ വലിയ തട്ടിപ്പ് നടക്കുന്നുവെന്നായിരുന്നു ആരോപണം. വിദേശരാജ്യങ്ങളില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് സ്വന്തം കമ്പനി ഓഹരികളിലേക്ക് നിക്ഷേപമൊഴുക്കി ഓഹരി വിലപെരുപ്പിച്ചുവെന്നും ഈ ഓഹരികള്‍ ഈട് നല്കി വായ്പകള്‍ ലഭ്യമാക്കിയെന്നുമായിരുന്നു അദാനിക്കെതിരായ പ്രധാന ആരോപണം. അദാനി ഗ്രൂപ് ഓഹരികളുടെ വിപണി മൂല്യത്തില്‍ ഏകദേശം 12.5 ലക്ഷം കോടിരൂപയുടെ ഇടിവിന് ഇത് കാരണമായി. വിപണി ഗവേഷണം നടത്തി ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് വിപണിയിൽ ഇടിവിന് വഴിയൊരുക്കുകയും ഇതിന് മുമ്പ് ഷോർട്ട് സെല്ലിങ് നടത്തി ലാഭമുണ്ടാക്കുകയുമാണ് ഹിൻഡൻബെർഗിന്റെ രീതി.