നിക്ഷേപകർക്ക് നഷ്ടം 15 ലക്ഷം കോടി രൂപ; തകർന്നടിഞ്ഞ് ഓഹരി വിപണി

നിക്ഷേപകർക്ക് നഷ്ടം 15 ലക്ഷം കോടി രൂപ; തകർന്നടിഞ്ഞ് ഓഹരി വിപണി

August 5, 2024 0 By BizNews

മുംബൈ: അമേരിക്കൻ സമ്പദ്‍വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകളിലും പശ്ചിമേഷ്യയിലെ യുദ്ധഭീതിയിലും തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. ഏഷ്യൻ, യൂറോപ്യൻ വിപണികളും കൂട്ടത്തകർച്ച നേരിട്ടു.

കഴിഞ്ഞയാഴ്ച റെക്കോഡ് നിലയിലേക്ക് കുതിച്ച സെൻസെക്സും നിഫ്റ്റിയും തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലാണ് നിക്ഷേപകരുടെ കൈപൊള്ളിക്കുന്നത്. സെൻസെക്സ് 2,222.55 പോയന്റ് തകർന്ന് 78,759.40ലും നിഫ്റ്റി 662.10 പോയന്റ് ഇടിഞ്ഞ് 24,055.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ജൂൺ നാലിന് ശേഷമുണ്ടാകുന്ന ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവാണിത്. ഒറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് 15 ലക്ഷം കോടി രൂപയാണ്.

ബി.എസ്.ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 441.84 ലക്ഷം കോടി രൂപയായി കുറഞ്ഞു. വെള്ളിയാഴ്ച നിക്ഷേപകർക്ക് 4.46 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. ഇതോടെ, രണ്ടുദിവസം കൊണ്ടുണ്ടായ നഷ്ടം 19 ലക്ഷം കോടി രൂപയായി.

വിശാല വിപണിയിൽ സ്മോൾ ക്യാപ്, മിഡ്ക്യാപ് ഓഹരികളിലും വൻ തകർച്ചയുണ്ടായി. സ്മോൾ ക്യാപ് സൂചിക 4.21 ശതമാനവും മിഡ്ക്യാപ് സൂചിക 3.60 ശതമാനവുമാണ് കൂപ്പുകുത്തിയത്. ജപ്പാനിലെ നിക്കേയി സൂചിക 12 ശതമാനത്തോളം ഇടിഞ്ഞതും ഇന്ത്യൻ വിപണികളിലെ തകർച്ചയുടെ ആഘാതം കൂട്ടി.